തൊടുപുഴ: ദിവസവേതനക്കാരായ തോട്ടം തൊഴിലാളികൾക്ക് ലഭിക്കേണ്ട ക്ഷാമബത്ത (ഡി.എ) ചട്ടപ്രകാരം കൂട്ടേണ്ടതിന് പകരം വെട്ടിക്കുറച്ചു. മൂന്നു മാസം മുമ്പ് വരെ 133.28 രൂപയായിരുന്നു തോട്ടം തൊഴിലാളികളുടെ ക്ഷാമബത്ത. പുതിയ ഉത്തരവനുസരിച്ച് പ്രതിമാസം 56.80 എന്ന പ്രകാരം മൂന്നു മാസത്തെ കണക്കിൽ 170.40 രൂപയായിരുന്നു വർദ്ധിക്കേണ്ടിയിരുന്നത്.
എന്നാൽ, തോട്ടംഉടമകൾ നിലവിലെ ഡി.എയായ 133.28ൽ നിന്ന് 49 പൈസ കുറച്ച് 132.79 രൂപയാക്കിയതായി തൊഴിലാളികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനെതിരെ ഉത്തരവാദിത്തപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും ലേബർ കമ്മിഷണറേറ്റിലെ ഉദ്യോഗസ്ഥർ ഒത്തുകളിച്ച് തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ വെട്ടിക്കുറയ്ക്കാൻ കൂട്ടുനിൽക്കുകയായിരുന്നുവെന്ന് തെഴിലാളികൾ ആരോപിച്ചു. തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾ നിരന്തരം ലംഘിക്കുന്നതായി മനുഷ്യാവകാശ കമ്മിഷൻ കണ്ടെത്തിയിട്ടും നടപടികൾ ഉണ്ടാകുന്നില്ലെന്നും തൊഴിലാളികൾ ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ പള്ളിവാസൽ എസ്റ്റേറ്റ് ഡിവിഷനിലെ തൊഴിലാളികളായ ഐ. കരീം, സി. രാമർ എന്നിവർ പങ്കെടുത്തു.