ഇടുക്കി: കടുത്ത വരൾച്ചയിൽ ജില്ലയിലുണ്ടായ കൃഷിനാശത്തിന് അടിയന്തരമായ ധനസഹായം അനുവദിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി അവശ്യപ്പെട്ടു. ജില്ലയിൽ സന്ദർശനത്തിനെത്തിയ കൃഷി മന്ത്രി പി. പ്രസാദിനോടാണ് എം.പി കത്തുമൂലം ഈ ആവശ്യം ഉന്നയിച്ചത്. പനിമൂലം ചികിത്സയിലും വിശ്രമത്തിലുമായതിനാലാണ് മന്ത്രിയെ നേരിൽക്കാണാൻ കഴിയാത്തത്. കൊടുംവരൾച്ചയിൽ ജില്ലയിലെ കാർഷികമേഖല പൂർണ്ണമായും തകർന്നിരിക്കുകയാണ്. ഏലം ഉൾപ്പെടെയുള്ള കൃഷികൾ കരിഞ്ഞുണങ്ങി കോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. കൃഷിനാശം തിട്ടപ്പെടുത്തുന്നതിന് പ്രത്യേക സമിതിയെ നിയോഗിക്കണം. കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണം. ഇടുക്കിയെ ദുരന്തബാധിത ജില്ലയായി പ്രഖ്യാപിച്ച് വായ്പ തിരിച്ചടവിന് ഒരു വർഷത്തെയെങ്കിലും സാവകാശം നൽകണം. ജപ്തി നടപടികൾ ഉൾപ്പെടെയുള്ളവ ഒഴിവാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. ഏലം ഉൾപ്പെടെയുള്ള എല്ലാവിഭാഗത്തിനും പുനർകൃഷിക്ക് വേണ്ടി സർക്കാരിന്റെ സാമ്പത്തിക സഹായവും സാങ്കേതിക സഹായവും നൽകിയില്ലെങ്കിൽ ജില്ലയിലെ കർഷകർക്ക് പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും എം.പി പറഞ്ഞു.