തൊടുപുഴ: വിദ്യർത്ഥികളുടെ യാത്രാ സുരക്ഷ ഉറപ്പ് വരുത്താൻ പുതിയ സ്‌കൂൾ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മന്നോടിയായി ജില്ലയിൽ മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന നാളെ ആരംഭിക്കും. ഒരുങ്ങാം സുരക്ഷിത യാത്രയ്ക്കായി എന്ന് മോട്ടോർ വകുപ്പ് പേരിട്ടിരിക്കുന്ന ഒരാഴ്ച്ചയോളം നീണ്ടുനിൽക്കുന്ന പരിശോധനയ്ക്ക് നിർബന്ധമായും ഹാജരാകേണ്ടതാണെന്നും പരിശോധന സ്റ്റിക്കർ പതിക്കാത്ത വാഹനങ്ങൾ സർവ്വീസ് നടത്താൻ അനുവദിക്കില്ലെന്നുംഅധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.്
വണ്ടിപ്പെരിയാർ ജോയിന്റഓഫീസറുടെ കീഴിൽ22, 25, 29, തീയതികളിൽ നടക്കും. കുമളി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ22 നും, മാട്ടുക്കട്ട ഗ്രേസ് ഗാർഡൻ പബ്ലിക് സ്‌കൂളിൽ25 നും , പീരുമേട് മരിയാ ഗിരി സ്‌കൂളിൽ വച്ച്29 നും പരിശോധന നടത്തും. ദേവികുളം താലൂക്കിലെ സ്‌കൂൾ വാഹനങ്ങളുടെ പരിശോധന 22 ന് രാവിലെ 9 ന് അടിമാലി മാർ ബസേലിയോസ് കോളേജ് ഗ്രൗണ്ടിൽ വച്ചും മൂന്നാർ, മറയൂർ ഭാഗത്തുള്ള വാഹനങ്ങളുടെ പരിശോധന 29 ന് രാവിലെ 9 ന് മൂന്നാറിൽ വച്ചും നടത്തും.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ദീപു എൻ.കെ ചന്ദ്രലാൽ കെ.കെ എന്നിവർ നേതൃത്വം വഹിക്കും.
സ്‌കൂളുകളുടെ വാഹനങ്ങൾ എല്ലാം പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ടയർ മുതൽ വൈപ്പർ വരെയും എൻജിൻ മുതൽ സീറ്റുകൾ വരെയും കൃത്യമായി പരിശോധിച്ച് സർവ്വീസ് നടത്താൻ യോഗ്യമാണെന്ന് പരിശോധനയിൽ ഉറപ്പ് വരുത്തും. ബ്രേക്ക്, ലൈറ്റ്, ഇൻഡിക്കേറ്റർ, ജി.പി.എസ്, വേഗപ്പൂട്ട്, വാതിലുകൾ തുടങ്ങി സമഗ്രമായ പരിശോധനയാണ് നടക്കുക. 50 കിലോമീറ്റർ വേഗപരിധി ലംഘിക്കരുതെന്ന് സ്‌കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകുന്നുണ്ട്. . വിദ്യാ വാഹൻ സോഫ്റ്റ് വെയറുമായി സ്‌കൂൾ വാഹനങ്ങളെ ബന്ധിപ്പിക്കും.
ജി.പി.എസും വേഗപ്പൂട്ടും നിർബന്ധം
സ്‌കൂൾ ബസുകൾക്ക് പ്രവർത്തനക്ഷമത സാക്ഷ്യപത്രം ലഭിക്കാൻ ജി.പി.എസ് സംവിധാനവും വേഗപ്പൂട്ടും നിർബന്ധമാണ്. 50 കിലോമീറ്ററിൽ വേഗം നിജപ്പെടുത്തിയിട്ടുള്ള വേഗപ്പൂട്ടാണ് ഘടിപ്പിക്കേണ്ടത്. ജി.പി.എസ് സുരക്ഷമിത്ര എന്ന സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കണം. ബസുകൾ അപകടത്തിൽപ്പെട്ടാൽ കൺട്രോൾറൂമിൽ വിവരം ലഭിക്കുന്നതിനും പെട്ടെന്നുള്ള സുരക്ഷ ഉറപ്പാക്കാനുമാണിത്.
മറ്ര് നിർദേശങ്ങൾ
ഡ്രൈവർക്ക് പത്തുവർഷത്തെ ഡ്രൈവിങ് പരിചയം വേണം.
ഡ്രൈവർ വൈറ്റ് കളർ ഷർട്ടും കറുപ്പ് കളർ പാന്റും കൂടാതെ ഐഡന്റിറ്റി കാർഡും ധരിച്ചിരിക്കണം
ഓരോ ബസിലും അദ്ധ്യാപകരെ റൂട്ട് ഓഫീസർമാരായി നിയോഗിക്കണം
ബസുകളുടെ വാതിലിന്റെ എണ്ണത്തിനനുസരിച്ച് അറ്റൻഡർമാർ വേണം
സ്‌കൂളിന്റേതല്ലാത്ത വാഹനങ്ങളിൽ ഓൺ സ്‌കൂൾ ഡ്യൂട്ടി എന്ന ബോർഡ് വയ്ക്കണം
യാത്രികരായ കുട്ടികളുടെ വിവരങ്ങളടങ്ങിയ പട്ടിക ബസിലുണ്ടാകണം
കുട്ടികളെ നിന്ന് യാത്ര ചെയ്യുവാൻ അനുവദിക്കരുത്.
വാതിലുകൾക്ക് പൂട്ടും ജനലുകൾക്ക് ഷട്ടറും ബാഗുകൾ വയ്ക്കാൻ റാക്കും വേണം
സ്‌കൂളിന്റെ പേരും ഫോൺ നമ്പറും വാഹനത്തിന്റെ ഇരുവശങ്ങളിലും പ്രദർശിപ്പിക്കണം