കരിങ്കുന്നം: കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളിലും തൊടുപുഴ മുനിസിപ്പാലിറ്റിയിലെ പാറക്കടവ്, മഞ്ഞുമാവ് പ്രദേശങ്ങളിലും പുലി സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ട് ആഴ്ചകളായെങ്കിലും ഇനിയും പുലിയെ പിടികൂടാത്തതിൽ നാട്ടുകാർ ആശങ്കയിലാണ്. റബ്ബർ ടാപ്പിംഗും കൂലിപ്പണികളും മുടങ്ങിയ സാഹചര്യത്തിൽ പല കുടുംബങ്ങളും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. വനം വകുപ്പിന്റെ മെല്ലെപ്പോക്ക് അവസാനിപ്പിച്ച് പുലി ഭീഷണിക്ക് ശാശ്വത പരിഹാരം കാണണമെന്ന് വശ്യപ്പെട്ട് നാളെ ഉച്ചകഴിഞ്ഞ് 3 ന് കാട്ടോലികവലയിൽ ഭാവിപരിപാടികൾ തീരുമാനിക്കുന്നതിനായി ജനകീയ കൺവൻഷൻചേരും. ജനകീയ സമിതി ചെയർമാൻ കെ.പി. ഹരിദാസ് അദ്ധ്യക്ഷത വഹിക്കുമെന്ന് കൺവീനർ എൻ. വിനോദ് കുമാർ അറിയിച്ചു.