കട്ടപ്പന :നഗരസഭയിൽ തെരുവോര കച്ചവടങ്ങൾക്ക് പൂർണ്ണവിലക്ക്. അനധികൃത തെരുവോര കച്ചവടങ്ങൾ വ്യാപകമാകുന്നതിനെതിരെ കഴിഞ്ഞദിവസം കേരള വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരസഭയ്ക്ക് നിവേദനം ൽകിയിരുന്നു. തെരുവോര കച്ചവടങ്ങൾ വ്യാപകമാകുന്നതിലൂടെ വ്യാപാരികൾക്ക് ഉണ്ടാകുന്ന പ്രതിസന്ധികളും, മറ്റ് വിവിധ പൊതു ഇടങ്ങളിലെ അടിസ്ഥാന സൗകര്യക്കുറവുകളും വിവരിച്ചാണ് നിവേദനം നൽകിയത്. ഇതിൽ വഴിയോരക്കച്ചവടങ്ങൾ പൂർണമായി നിരോധിച്ചുകൊണ്ടുള്ള നടപടി സ്വീകരിച്ചു എന്ന് നഗരസഭ വ്യക്തമാക്കി മറുപടി നൽകിയിട്ടുണ്ട്. മറുപടി സ്വാഗതം ചെയ്യുന്നതായും പൊതു മാർക്കറ്റിലെ ഗതാഗത പ്രതിസന്ധി, പുതിയ ബസ്റ്റാൻഡിലെ വ്യാപാരികൾ നേരിടുന്ന ശുദ്ധജല പ്രതിസന്ധി എന്നിവയിലും നടപടി ഉണ്ടാകണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് ആവശ്യപ്പെട്ടു.