തൊടുപുഴ : അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തുന്നതിന് സ്ക്വാഡ് രൂപീകരിക്കാൻ നഗരസഭ തീരുമാനിച്ചു. നഗരസഭയിൽ മഴക്കാല പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനും മുന്നൊരുക്കങ്ങൾ തയ്യാറാക്കുന്നതിനുംനടന്ന അവലോകനയോഗത്തിലാണ് തീരുമാനം. യോഗത്തിൽ ചെയർമാൻ സനീഷ് ജോർജ് അദ്ധ്യക്ഷത വഹിച്ചു.
പകർച്ചവ്യാധികൾ തടയുന്ന നടപടികളെയും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ: അജി പി എൻ സംസാരിച്ചു. ആഴ്ചയിൽ ഒരിക്കൽ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഡ്രൈ ഡേ ആചരിക്കണമെന്ന് നഗരസഭാ ചെയർമാൻ സനീഷ് ജോർജ് നിർദ്ദേശം നൽകി. മുൻസിപ്പൽ സെക്രട്ടറി ബിജു ജേക്കബ് സ്വാഗതം പറഞ്ഞു.നഗരസഭ വൈസ് ചെയർപേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി,നഗരസഭ വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി ജി രാജാശേഖരൻ, ഹോമിയോ/ ആയുർവേദ മെഡിക്കൽ ഓഫീസർമാർ , വാട്ടർ അതോറിറ്റി, പൊതുമരാമത്ത് ഉദ്യോഗസ്ഥർ , അസിസ്റ്റന്റ് ലേബർ ഓഫീസർ,വിവിധ സ്കൂളുകളിലെ അദ്ധ്യാപകർ, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ,നഗരസഭാ ആരോഗ്യ വിഭാഗം, കുടുംബശ്രീ ചെയർപേഴ്സൺ , ആശാ വർക്കേഴ്സ് എന്നിവർ പങ്കെടുത്തു. നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രജീഷ് കുമാർ നന്ദി പറഞ്ഞു.