parakkadavu
ആധുനിക യന്ത്ര സംവീധാനങ്ങളുടെ സഹായത്തോടെ മാലിന്യം തരം തിരിക്കുന്നു

തൊടുപുഴ: ഒരു നാടിന് തന്നെ ബാദ്ധ്യതയായി, കഴിഞ്ഞ 40 വർഷം കൊണ്ട് കുമിഞ്ഞ് കൂടിയ മാലിന്യ കൂമ്പാരം നീക്കം ചെയ്യുവാനുള്ള പ്രവർത്തനം ആരംഭിച്ച് തൊടുപുഴ നഗരസഭ. കോലാനി പാറക്കടവ് ഡമ്പിങ് യാർഡിലെ ഒന്നരയേക്കർ സ്ഥലത്തെ 26683 ക്യുബിക് മീറ്റർ മാലിന്യമാണ് ശാസ്ത്രീയമായി നീക്കം ചെയ്യുന്നത്. തൊടുപുഴ നിവാസികളുടെ കാലങ്ങളായുള്ള ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.

തൊടുപുഴ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും കഴിഞ്ഞ നാല് പതിറ്റാണ്ടത്തെ മാലിന്യങ്ങളാണ് പാറക്കടവിലേത്. മുൻ വർഷങ്ങളിൽ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും നഗരസഭ മാലിന്യങ്ങൾ ശേഖരിച്ചിരുന്നു. ഈ മാലിന്യങ്ങൾ പാറക്കടവിലാണ് നിക്ഷേപിച്ചിരുന്നത്. വർഷങ്ങൾ കൊണ്ട് മാലിന്യങ്ങൾ ഒരു മല ആയി തന്നെ മാറി. മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നാവശ്യമുന്നയിച്ച് പലതവണ പ്രദേശവാസികൾ സമരം ഉൾപ്പെടെ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. എന്നാൽ നിലവിലെ മുനിസിപ്പൽ ഭരണ സമിതി ഇവിടുത്തെ മാലിന്യം നീക്കം ചെയ്യുവാൻ 2.83 കോടി രൂപയാണ് വകയിരുത്തിയത്. മാലിന്യങ്ങൾ നീക്കം ചെയ്ത് ഭൂമി വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ പരോഗമിക്കുന്നത്.

ഏകദേശം 26683 ക്യുബിക് മീറ്റർ മാലിന്യമാണ് ഇത്തരത്തിൽ നീക്കം ചെയ്യുക. ആറ് മാസം കൊണ്ട് ഭൂമി പഴയ രീതിയിൽ വീണ്ടെടുക്കുക ആണ് അധികൃതരുടെ ലക്ഷ്യം. കോഴിക്കോട് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് കരാർ ഏജൻസി. മാലിന്യം നീക്കുക എന്ന 40 വർഷമായുള്ള ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികളും.

ആദ്യഘട്ടം

തരം തിരിക്കൽ

സ്വച്ഛ് ഭാരത് മിഷൻ നഗരം രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി ശുചിത്വ മിഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്യുന്നതിനായി ഇവ തരം തിരിക്കുന്ന ജോലികളാണ് ആദ്യ ഘട്ടത്തിൽ നടക്കുക. ആധുനിക യന്ത്ര സംവീധാനങ്ങളുടെ സഹായത്തോടെ മണ്ണ്, കല്ല്, പ്ലാസ്റ്റിക്, റബ്ബർ, ചില്ല് എന്നിങ്ങനെ വേർതിരിച്ചെടുക്കുന്ന മാലിന്യം പുനരുപയോഗത്തിനായി മാറ്റുകയും ചെയ്യും.