ഇടുക്കി: സ്ത്രീകൾക്ക് അവരുടെ ആശയങ്ങളെ സങ്കൽപ്പങ്ങളെ, ചിന്തകളെ പ്രകാശിപ്പിക്കാനും ചർച്ച ചെയ്യാനും കൂടിയിരിക്കാനും കഴിയുന്ന എന്നിടമെന്ന ആശയം മാതൃകാപരമാണെന്ന് ജില്ലാകളക്ടർ ഷീബാ ജോർജ് പറഞ്ഞു. തടിയംപാട് കമ്മ്യൂണിറ്റി ഹാളിൽ കുടുബശ്രീയുടെ ഇരുപത്തിയാറാം വാർഷികത്തിന്റെ ഭാഗമായി രൂപീകരിച്ച എ ഡി എസ് തല കൾച്ചറൽ റിക്രിയേഷൻെ സെന്റർ (എന്നിടം) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ
കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ സി ആർ മിനി അദ്ധ്യക്ഷത വഹിച്ചു.ശുചിത്വോൽസവം ക്യാമ്പയിൻ ഉദ്ഘാടനം എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ കെ വി കുര്യാക്കോസും ധീരം യൂണിഫോം വിതരണം എൽ എസ് ജി ഡി അസി. ഡയറക്ടർ സി ശ്രീലേഖയും നിർവ്വഹിച്ചു. എ. ഡി എസ് ചെയർപേഴ്‌സൺ സന്ധ്യ സജീവ്,സെക്രട്ടറി മേബിൾ,സി ഡി എസ് ചെയർപേഴ്‌സൺ സൗമ്യ സുനിൽ, വാഴത്തോപ്പ് സി ഡി എസ് ചെയർപേഴ്‌സൺ വിജിമോൾ കണ്ണൻ സ്വാഗതവും അസി: ജില്ലാ കോർഡിനേറ്റർ വി. എം ആശാമോൾ നന്ദിയും പറഞ്ഞു. തുടർന്ന് കുടുംബശ്രീ ധീരം കരാട്ടെ ടീം എന്നിവരുടെ കലാകായിക പ്രകടനങ്ങൾ നടന്നു.
കുടുംബശ്രീ അംഗങ്ങളുടെ കലാ സാംസ്‌കാരിക ഉന്നമനത്തിനു ഒരു പൊതു ഇടം എന്ന ലക്ഷ്യം ആണ് 'എന്നിടം' എന്നതിലൂടെ നേടുന്നത് . കുടുംബശ്രീ അംഗങ്ങളുടെയും ഓക്‌സിലറി അംഗങ്ങളുടെയും കലാ സാംസ്‌കാരിക സാമൂഹിക ഉന്നമനത്തിന് ഒരു പൊതു ഇടമായി എ ഡി എസ്സുകളെ വികസിപ്പിക്കും. കായിക വിനോദങ്ങൾ, കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾ, സാമൂഹ്യ ഇടപെടലുകൾ, ഭക്ഷ്യ ഉദ്പാദന പ്രദർശന മേളകൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണം, കിടപ്പിലായവരുടെ പരിചരണം, വയോജന ബാലസഭ സംഗമം, കലാ പരിപാടികൾ സിനിമ പ്രദർശനം സാഹിത്യ ക്യാമ്പ്, യോഗ ക്ലബുകൾ ആരംഭിക്കൽ കായിക പ്രവർത്തനങ്ങൾ ,വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കൽ, വിവിധ ദിനാചരണങ്ങൾ തുടങ്ങിയ വിവിധങ്ങളായ പ്രവർത്തങ്ങൾ എന്നിടം ഏറ്റെടുത്തു നടപ്പിലാക്കും . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഘടക സ്ഥാപനങ്ങളുടെയും കീഴിലുള്ള വിവിധ കെട്ടിടങ്ങൾ എന്നിടം ഓഫീസ് ആവശ്യത്തിനായി ലഭ്യമാക്കും