മുട്ടം: ഭർത്താവിന്റേയും വീട്ടുകാരുടേയും ദേഹോപദ്രവവും പീഡനവും മൂലം മുന്നോട്ടുള്ള ജീവിതം നിസ്സഹായവസ്ഥയിലായ യുവതിക്ക് കാവാലായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി. ഇടുക്കി ജില്ലാ കോടതിയിലുള്ള ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ഓഫീസിന് മുന്നിൽ കഴിഞ്ഞ ദിവസം പൂർണ്ണ ഗർഭിണിയായ ഒരു യുവതി എത്തി. ഓഫീസ് തുറക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നേ യുവതി അവിടെ എത്തിയിരുന്നു. തൊടുപുഴ ജില്ലാ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി മറ്റ് എവിടെയും പോകുവാൻ നിവൃത്തിയില്ല എന്ന കാര്യം യുവതി സബ് ജഡ്ജും ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ എ.ഷാനവാസിന്റെ ശ്രദ്ധയിൽപ്പെടുത്തി. സബ് ജഡ്ജ് യുവതിക്ക് ആവശ്യമായ സംരക്ഷണത്തിന് ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർക്ക് നിർദേശം നൽകി. ഇതേ തുടർന്ന് വനിതാ പൊലീസിന്റെ സഹായത്തോടെ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ എട്ട് മാസം ഗർഭിണിയായ യുവതിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി.