ചെറുതോണി: ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ നിന്ന് ഒളിച്ചോടുന്ന യുഡിഎഫ് ജില്ലയിൽ ജനങ്ങൾക്ക് ബാദ്ധ്യതയായി മാറുകയാണെന്ന് സിപി എം ജില്ലാ സെക്രട്ടറിയറ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവുമധികം വരൾച്ച നേരിട്ട ജില്ലയാണ് ഇടുക്കി. പെരുമാറ്റച്ചട്ടം നിൽക്കുന്നതുപോലും പരിഗണിക്കാതെ രണ്ട് മന്ത്രിമാർ ജില്ലയിലെ വരൾച്ചാബാധിത മേഖലകൾ സന്ദർശിച്ചത് യു.ഡി.എഫ് ഒരുകാരണവുമില്ലാതെയാണ് ബഹിഷ്‌കരിച്ചത്.. കട്ടപ്പനയിൽ നടന്ന മന്ത്രിമാർ പങ്കെടുത്ത അവലോകന യോഗത്തിൽ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ നഗരസഭ ചെയർപേഴ്സൺ പോലും പങ്കെടുത്തില്ലായെന്നത് ഗുരുതരമായ വീഴ്ചയാണ്. കർഷകർക്ക് ഒപ്പമാണെന്ന് നടിക്കുന്ന പി ജെ ജോസഫ് പോലും യോഗത്തിനെത്തിയില്ല. ജനാധിപത്യത്തിൽ ഉയർന്നുവരുന്ന അവസരങ്ങളെ ജനങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്താൻ ഇനിയെങ്കിലും ഇവർ തയ്യാറാകണം. മന്ത്രിമാരായ പി പ്രസാദ്, റോഷി അഗസ്റ്റിൻ എന്നിവരുടെ സന്ദർശനം ജനങ്ങൾക്ക് ആശ്വാസവും പ്രതീക്ഷനൽകുന്നതുമാണ്. 175 കോടിയിലേറെ നഷ്ടം ജില്ലയ്ക്ക് സംഭവിച്ചതായുള്ള പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. സിപിഎമ്മും എൽ.ഡി.എഫും എന്നും ജനപക്ഷത്താണെന്നും വരൾച്ചാദുരിത ബാധിതർക്കൊപ്പം ചേർന്ന് ആശ്വാസനടപടികൾക്കായി പോരാടുമെന്നും സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് അറിയിച്ചു.