അടിമാലി: മാങ്കുളം ചിക്കണംകുടി ഗവ. എൽ .പി സ്‌കൂൾ യു. പി സ്‌കൂളായി ഉയർത്തണമെന്നാവശ്യം ശക്തമായി. ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ എൽ പി സ്‌കൂളാണിത്. ചിക്കണംകുടി, കള്ളക്കൂട്ടിക്കുടി, സിങ്ക്കുടി, പാറക്കുടി തുടങ്ങി വിവിധ ആദിവാസി ഇടങ്ങളിൽ നിന്നും അമ്പതാംമൈൽ, ആറാംമൈൽ മേഖലകളിൽ നിന്നുമൊക്കെയുള്ള കുട്ടികൾ ഇവിടെ പഠനത്തിനായി എത്തുന്നുണ്ട്. നിലവിൽ എൽ പി സ്‌കൂൾ പഠനം പൂർത്തിയാക്കിയ കുട്ടികൾ തുടർ പഠനത്തിനായി കിലോമീറ്ററുകൾ ദൂരെയുള്ള മാങ്കുളത്തോ മറ്റിതര മേഖലകളേയെ ആശ്രയിക്കുകയാണ് ചെയ്യുന്നത്.ഈ സാഹചര്യത്തിലാണ് ഈ എൽ പി സ്‌കൂൾ യു പി സ്‌കൂളായി ഉയർത്താനുള്ള ഇടപെടൽ എന്ന ആവശ്യം പ്രദേശവാസികൾ മുമ്പോട്ട് വയ്ക്കുന്നത്. ആദിവാസി മേഖലകളിൽ നിന്നും പുറം ലോകത്തേക്കുള്ള വാഹന സൗകര്യത്തിന്റെ കുറവ് തുടർ പഠനത്തിന് പോകുന്ന കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വിവിധയിടങ്ങളിൽ ഹോസ്റ്റലുകളിൽ നിന്ന് പഠനം നടത്തുന്ന കുട്ടികളുമുണ്ട്. .നിലവിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചിട്ട്കാൽ നൂറ്റാണ്ട് തികയുകയാണ്. യു പി സ്‌കൂളായി ഉയർത്താൻ വേണ്ടുന്ന കെട്ടിട സൗകര്യം ഇപ്പോൾ വിദ്യാലയത്തിനുണ്ട്. വിശാലമായ മൈതാനവും സ്‌കൂളിന് സ്വന്തമായിട്ടുണ്ട്.