തൊടുപുഴ: കനത്ത മഴയെ തുടർന്ന് അറക്കുളം , കുടയത്തൂർ പഞ്ചായത്തുകളിലെ ആറുകളും തോടുകളും നിറഞ്ഞൊഴുകി. ഉച്ചക്ക് ശേഷം പെയ്ത മഴയിൽ കുമ്പങ്കാനം, അനൂര്, പുള്ളിക്കാനം എന്നിവിടങ്ങളിൽ നിന്ന് മലവെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്ക് കുതിച്ചെത്തി. ഉരുൾ പൊട്ടിയെത്തിയതിന് സമാനമായാണ് മണപ്പാടി ആറിലൂടെ ചെളി കലർന്ന വെള്ളം നിറഞ്ഞൊഴുകിയത്. കാഞ്ഞാർ പുള്ളിക്കാനം വാഗമൺ റോഡിൽ ഈട്ടിക്കാനം കവലയിലേക്ക് വെള്ളവും മണ്ണും ഒഴുകി വന്ന് റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. മണ്ണ് മാന്തി യന്ത്രമെത്തിച്ച് തടസം നീക്കിയാണ് ഗതാഗത തടസം നീക്കിയത്. മലയോര മേഖലകളിലൂടെ കടന്ന് പോകുന്ന ഭൂരിഭാഗം റോഡുകൾക്കും ഓടയില്ല. റോഡിനിരുവശവും കാട് പിടിച്ച് കല്ലും മണ്ണും വീണ് കിടക്കുന്നത് കാരണം വെള്ളം റോഡിലൂടെ ഒഴുകുന്നതും ഗതാഗത തടസത്തിന് ഇടയാക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പും ഗ്രാമ പഞ്ചായത്തുകളും ജാഗ്രതയോടുകൂടി പ്രവർത്തിച്ചില്ലങ്കിൽ വർഷകാലത്ത് വൻ ദുരന്തമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.