കട്ടപ്പന: മാലിന്യ നിക്ഷേപത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങി കട്ടപ്പന നഗരസഭ. ഒപ്പം മാലിന്യം വലിച്ചെറിയുന്നവരുടെ വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികവും. മാലിന്യം വലിച്ചെറിയുന്നത് കണ്ടാൽ പേര് വിവരങ്ങൾ അടക്കം നഗരസഭയെ അറിയിക്കുന്നവർക്കാണ് പാരിതോഷികം നൽകാൻ നഗരസഭ തീരുമാനിച്ചത്. വാർഡ് കൗൺസിലുമാരുടെ ഫോൺ നമ്പറിലേക്കൊ, നഗരസഭ അദ്ധ്യക്ഷ, ആരോഗ്യവകുപ്പ് എന്നീ നമ്പറുകളിലേക്കൊ ഫോട്ടോയും മറ്റു വിവരങ്ങളും അയക്കാൻ സാധിക്കും. വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ അതീവ രഹസ്യമായി തന്നെ സൂക്ഷിക്കുകയും , രഹസ്യമായി തന്നെ പാരിതോഷകം കൈമാറുകയും ചെയ്യും. നഗരം അഭിമുഖീകരിക്കുന്ന മാലിന്യ പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ സാധിക്കുമെന്നും നഗരസഭ അധികൃതർ വ്യക്തമാക്കി.