ഏലപ്പാറ: പനി ബാധിച്ച് ചികിത്സയിലിരുന്ന പത്തുവയസുകാരി മരിച്ചു. ഏലപ്പാറ പശുപ്പാറ പുളിങ്കട്ട ഈന്തുംകാലാ പുതുവൽ ജഗദീഷ് ഭവനിൽ ജഗദീഷ്- ശാരദ ദമ്പതികളുടെ മകൾ അതുല്യയാണ് മരിച്ചത്. പനി ബാധിച്ച് പീരുമേട് താലൂക്ക് ആശുപത്രിയിൽ ഒരാഴ്ചയോളമായി ചികിത്സയിലായിരുന്ന കുട്ടി വെള്ളിയാഴ്ച രാവിലെ വീട്ടിലേക്ക് മടങ്ങിയതാണ്. രാത്രി പനി കൂടിയതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൃത്യമായ മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലേ വ്യക്തമാകൂ. സംഭവത്തിൽ പീരുമേട് പൊലീസ് അന്വേഷണം ആരംഭിച്ചു. സഹോദരങ്ങൾ: ആദിശ്, ആരിശ് (വിദ്യാർത്ഥികൾ). സംസ്കാരം ഇന്ന് രാവിലെ 10ന് പശുപ്പാറയിലെ വീട്ടുവളപ്പിൽ.