കട്ടപ്പന: കോൺക്രീറ്റ് മിക്‌സിംഗ് മെഷീനിൽ കൈ കുടുങ്ങി അന്യസംസ്ഥാന തൊഴിലാളിയ്ക്ക് പരിക്ക്. ആസാം സ്വദേശി ഹാഷിബൂർ റഹ്മാന്റെ വലതു കൈപ്പത്തിക്കാണ് സാരമായി പരിക്കേറ്റത്. കട്ടപ്പന ഫയർഫോഴ്‌സിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരട്ടയാർ അയ്യമലപ്പടിയിൽ ചലഞ്ചേഴ്‌സ് എസ്.എച്ച്.ജി നടത്തുന്ന കട്ടക്കളത്തിലെ മിക്‌സിംഗ് മെഷീനിൽ ഗ്രീസ് ഇടുന്നതിനിടെയാണ് തൊഴിലാളിയുടെ കൈ അബദ്ധത്തിൽ മെഷീനിൽ കുടുങ്ങിയത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അപകടം സംഭവിച്ചത്. കൈ കുടുങ്ങിയ ഉടൻ തന്നെ അടുത്തുണ്ടായിരുന്നവർ മെഷീൻ ഓഫ് ചെയ്തെങ്കിലും കൈ പുറത്തെടുക്കാൻ സാധിച്ചില്ല. വിവരമറിയിച്ചതിനെ തുടർന്ന് കട്ടപ്പനയിൽ നിന്ന് ഫയർഫോഴ്‌സ് സംഘമെത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തിയത്. കൈപ്പത്തിക്ക് സാരമായി പരിക്കേറ്റ തൊഴിലാളിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈ വിരൽ അറ്റുപോകാതിരിക്കാൻ യന്ത്രഭാഗം അഴിച്ചാണ് വളരെ ശ്രമകരമായി കൈപ്പത്തി ഊരിയെടുത്തത്. മൂന്നു കൈവിരലുകൾക്ക് ക്ഷതമേറ്റതിനാൽ ശസ്ത്രക്രിയ നടത്തും.