തൊടുപുഴ: കടുത്ത വരൾച്ച മൂലം ജില്ലയിൽ 1500 ലേറെ കോടി രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ടെന്നും നഷ്ടം 150 കോടിയായി നിജപ്പെടുത്തിയ മന്ത്രിമാരുടെ നടപടി അപലപനീയമാണെന്നും കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു. സംസ്ഥാനത്ത് കൊടുംവരൾച്ച ആരംഭിച്ചിട്ട് രണ്ട് മാസം പിന്നിട്ടിട്ടും സംസ്ഥാനത്തിന് ഉണ്ടായ യഥാർത്ഥ നഷ്ടം കണക്കാക്കാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വരൾച്ച മുൻകൂട്ടി കണ്ടു കണക്കെടുപ്പിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ സർക്കാർ സംവിധാനം അനങ്ങിയില്ല. സംസ്ഥാനത്ത് ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരു മാസത്തോളം കഴിഞ്ഞപ്പോഴാണ് രണ്ട് മന്ത്രിമാർ പേരിന് ജില്ല സന്ദർശിക്കുന്നത്. വരൾച്ചയുടെ കണക്കെടുത്ത് നഷ്ടം തിട്ടപ്പെടുത്തി കേന്ദ്രത്തിന് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കേണ്ടത് റവന്യൂ വകുപ്പാണ്. അത്തരം പ്രോജക്ട് തയ്യാറാക്കി നൽകിയിരുന്നെങ്കിൽ വരൾച്ച നിലനിൽക്കുന്ന കാലത്ത് തന്നെ കേന്ദ്ര വിദഗ്ധസംഘം സംസ്ഥാനം സന്ദർശിച്ച് വരൾച്ചയുടെ ഗൗരവ അവസ്ഥ നേരിട്ട് മനസ്സിലാക്കുമായിരുന്നു. എന്നാൽ സംസ്ഥാന സർക്കാരോ റവന്യൂ വകുപ്പോ കേന്ദ്രത്തെ ഇതുവരെയും സമീപിച്ചിട്ടില്ല. ഇത്തവണത്തേക്കാൾ കുറഞ്ഞ വരൾച്ച രേഖപ്പെടുത്തിയ കാലത്തും ജില്ലയെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഫലപ്രദമായി പ്രവർത്തിച്ചാൽ കൃഷി നാശത്തിന് സമ്പൂർണ്ണമായും ധനസഹായം ലഭിക്കും. എല്ലാത്തിനും കേന്ദ്രത്തെ സമീപിക്കേണ്ട കാര്യമില്ല. ജില്ലയ്ക്ക് സംസ്ഥാന സർക്കാർ മുമ്പ് പ്രഖ്യാപിച്ച 12,​000 കോടി രൂപയുടെ പാക്കേജിൽ നിന്ന് കർഷകർക്ക് ഉണ്ടായ നഷ്ടം നികത്താൻ അടിയന്തരമായി പണം അനുവദിക്കണം. കർഷകരുടെ കടങ്ങൾ എഴുതി തള്ളാൻ നടപടി സ്വീകരിക്കണമെന്നും പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് ആവശ്യപ്പെട്ടു. സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയെ മൂടിവയ്ക്കാൻ സി.പി.എം ജില്ലാ കമ്മിറ്റി നടത്തുന്ന ദുഷ്‌പ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും സർക്കാരിന്റെ നിഷ്‌ക്രിയത്തിനെതിരെ ജനങ്ങൾ സംഘടിക്കുമെന്നും അദ്ദേഹം പറഞ്ഞു.