മലങ്കര: എം.വി.ഐ.പി കനാലിലെ വെള്ളത്തിൽ രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ ശൗചാലയ മാലിന്യം തള്ളി. മലങ്കര മൂന്നാം മൈൽ പാലത്തിന് സമീപത്താണ് ദുർഗന്ധം വമിക്കുന്ന ശൗചാലയ മാലിന്യം തള്ളിയത്. ഇന്നലെ രാവിലെയാണ് ഇത് പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്. ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ചുറ്റ് പ്രദേശങ്ങൾ വൃത്തിയാക്കി. പ്രദേശവാസികളുടെ പരാതി പ്രകാരം സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മുട്ടം സി.ഐ ശ്യാംകുമാർ പറഞ്ഞു.