ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയുമായ ഷീബാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. വോട്ടെണ്ണൽ കേന്ദ്രത്തിലെ ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകി. പന്തൽ, വൈദ്യുതി, വെളിച്ചം, ആശയവിനിമയ സംവിധാനങ്ങൾ,​ കുടിവെള്ളം, പൊലീസ് ക്രമീകരണങ്ങൾ, ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ, മീഡിയാ സെന്റർ തുടങ്ങിയവ കുറ്റമറ്റ രീതിയിൽ ഒരുക്കാൻ വേണ്ട തയ്യാറെടുപ്പുകൾ യോഗം ചർച്ച ചെയ്തു. കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ സബ്‌കളക്ടർമാരായ ഡോ. അരുൺ എസ്. നായർ, വി.എം. ജയകൃഷ്ണൻ, ഡി.എഫ്.ഒ വരുൺ ഡാലിയ,​ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ. അരുൺ തുടങ്ങിയവർ പങ്കെടുത്തു.