തൊടുപുഴ: തെക്ക്പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാദ്ധ്യത രൂപപ്പെട്ടതിന് പിന്നാലെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നും നാളെയും ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ 204. മില്ലി മീറ്ററിന് മുകളിൽ മഴ ലഭിക്കുന്ന അതി തീവ്രമഴയ്ക്ക് സാദ്ധ്യതയുണ്ട്. ചൊവ്വാഴ്ചയും ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. വിനോദസഞ്ചാരികൾക്ക് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. മഴ ശക്തമായതോടെ മലലങ്കര ഡാമിന്റെ രണ്ട് ഷട്ടറുകൾ 20 സെ.മീറ്റർ വീതം ഉയർത്തി. ഇന്നലെ ഉച്ചയ്ക്ക് ശേഷം ആരംഭിച്ച മഴ രാത്രി വൈകിയും ചെറിയ ഇടവേളകളോടെ ജില്ലയിൽ തുടർന്നു. തൊടുപുഴയടക്കമുള്ള ലോ റേഞ്ച് മേഖലകളിലാണ് ഏറ്റവും ശക്തമായ മഴ പെയ്തത്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇടുക്കി താലൂക്കിലാണ്- 39.4 മില്ലി മീറ്റർ. മേയ് 5 വരെ ഇടുക്കിയിൽ 85 ശതമാനം വരെ മഴക്കുറവായിരുന്നു. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 51 ശതമാനം മഴയുടെ കുറവാണുള്ളത്. 322.6 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 158.7 മില്ലി മീറ്റർ കിട്ടി.

വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ്

മഴ മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ടൂറിസം വകുപ്പ്, ഡി.ടി.പി.സി എന്നിവർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള മലയോര മേഖലകൾ തുടങ്ങിയ സ്ഥലങ്ങളിൽ മഴ അവസാനിക്കുന്നത് വരെ നിയന്ത്രണങ്ങൾ ഉണ്ടാകും. അന്യസംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും ജില്ലയിൽ എത്തിയിട്ടുള്ള സഞ്ചാരികൾക്ക് മുന്നറിയിപ്പുകൾ കൃത്യമായി നൽകാൻ ടൂറിസം വകുപ്പിനും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇന്നും നാളെയും കൊളുക്കുമല ജീപ്പ് സഫാരി ഉണ്ടായിരിക്കുന്നതല്ലെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.

ക്വാറിയിംഗിനും മൈനിംഗിനും നിരോധനം

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതകളുള്ളതിനാൽ ജില്ലയിലെ ക്വാറിയിംഗ്, മൈനിംഗ് പ്രവർത്തനങ്ങൾ റെഡ് അലർട്ട് പിൻവലിക്കുന്നത് വരെ നിരോധിച്ചു.

കൺട്രോൾ റൂം തുറന്നു
തൊടുപുഴ- 04862 222503
ഇടുക്കി- 04862 235361
ദേവികുളം- 04865 264231
പീരുമേട്- 04869 232077
ഉടുമ്പഞ്ചോല- 04868 232050
ഡി.ഇ.ഒ.സി- 9383463036
04862 233111
04862 233130


മഴയുടെ അളവ്

ഇടുക്കി- 39.4 മില്ലി മീറ്റർ

പീരുമേട്- 30.5

തൊടുപുഴ- 31.2

മൂന്നാർ- 15.2

ഉടുമ്പഞ്ചോല- 1.0