തൊടുപുഴ: ഇല്ലിചാരി മലയിൽ പുള്ളിപ്പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നുതിന്നിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും പിടികൂടാത്തതിനെതിരെ പ്രതിഷേധം ശക്തം. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇപ്പോഴും പുറത്തിറങ്ങാൻ ഭയക്കുകയാണ് കുട്ടികൾ. അജ്ഞാതജീവിയെ നാട്ടുകാർ കണ്ടെന്ന് പറഞ്ഞയിടങ്ങളിൽ വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ച് പുലിയാണെന്ന് ഉറപ്പിച്ചിരുന്നു. ഇതിന് ശേഷം കെണിയൊരുക്കി കൂട് സ്ഥാപിച്ചു. പിന്നീട് കരിങ്കുന്നം പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന പാറക്കടവ് മഞ്ഞമാവിലും പൊട്ടൻപ്ലാവിലും പലരും പുലിയെ കണ്ടു. അധികൃതരെത്തി പരിശോധിച്ച് ക്യാമറ സ്ഥാപിച്ച് ഇല്ലിചാരിമലയിൽ ഇറങ്ങിയ അതേ പുലിതന്നെയാണെന്ന് ഉറപ്പാക്കി. പിന്നീടങ്ങോട്ട് നാട്ടിലാകെ ആശങ്ക പടർന്നു. ചില വ്യാജ പ്രചാരണങ്ങൾ ഇതിന് ബലമേകി. മുട്ടം പരിസര ഭാഗങ്ങളിൽ പുലിയെ കണ്ടെന്ന് നാട്ടുകാർ പറഞ്ഞതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി. പക്ഷേ, ലക്ഷണങ്ങളിൽ പുലിയുടെ സാന്നിധ്യമില്ലായിരുന്നു. തൊടുപുഴ പട്ടയംകവലയിലും മടക്കത്താനത്തും പുലിയിറങ്ങിയെന്ന് പറഞ്ഞ് വ്യാജവീഡിയോകൾ പ്രചരിച്ചു. ഇത്തരം വീഡിയോകൾ പ്രചരിപ്പിച്ച് പരിഭ്രാന്തിയുണ്ടാക്കരുതെന്നും പ്രസ്താവനയിറക്കാൻ നഗരസഭ ചെയർമാൻ നിർബന്ധിതനായി.ശേഷം മലങ്കര എസ്റ്റേറ്റിൽ റബർ വെട്ടാൻപോയവരും പുലിയെ കണ്ടെന്ന് അറിയിച്ചു. ഇവിടെയും പുലിയുടെ ലക്ഷണങ്ങളില്ലായിരുന്നു. വഴിത്തല കോലടി റൂട്ടിൽ ജനവാസമേഖലയിൽ പുലിയുടെ കാൽപ്പാടും വിസർജവും കണ്ടെന്നറിഞ്ഞും ചെന്നെങ്കിലും വിഫലമായി. ഒറ്റല്ലൂർ, മഞ്ഞക്കടമ്പ്, മലങ്കര എസ്റ്റേറ്റ് ലയം എന്നിവിടങ്ങളിൽ നിന്ന് പുലിയെന്ന് സംശയമുണ്ടെന്നറിയിച്ച് വിളികൾ വന്നതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. ഇവിടങ്ങളിലൊന്നും പുലിയുടെ ലക്ഷണങ്ങളില്ലായിരുന്നു. പുലി മനുഷ്യനെ ആക്രമിച്ച് ജീവഹാനി വരുത്തുന്ന സംഭവങ്ങൾ വിരളമാണെന്നും ആശങ്ക വേണ്ടെന്നുമാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.
ആശങ്കയായി അജ്ഞാത ജീവിയുടെ കാൽപ്പാട്
തൊടുപുഴ: വടക്കുംമുറി ഉത്രം റസിഡൻസിക്ക് സമീപത്തെ മണ്ണിട്ട റോഡിൽ അജ്ഞാത ജീവിയുടെ കാൽപ്പാട് കണ്ടത് പ്രദേശവാസികളെ ആശങ്കയിലാക്കി. തയ്യക്കോടത്ത് ജയകൃഷ്ണന്റെ വീടിന് മുന്നിലൂടെ പോകുന്ന മണ്ണിട്ട റോഡിലാണ് കാൽപ്പാട് കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് തൊടുപുഴ ഫ്ലൈയിംഗ് സ്ക്വാഡിലെ റേഞ്ച് ഓഫീസർ മനു കെ. നായരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാൽപ്പാടുകൾ പരിശോധിച്ചു. കാട്ടുപൂച്ചയുടേതിന് സമാനമായ കാൽപാടുകളാണിതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റേഞ്ച് ഓഫീസർ പറഞ്ഞു.