തൊടുപുഴ: വിദ്യാർത്ഥികൾ വിശാല ചിന്താഗതികളുമായി പൊതു സമൂഹത്തോട് സംവദിക്കണമെന്ന് മാത്യു കുഴൽ നാടൻ എം.എൽ.എ പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് തൊടുപുഴ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എസ്.എസ്.എൽ.സി, പ്ലസ്ടു, മറ്റ് മത്സര പരീക്ഷകൾ എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളുടെ സംഗമവും സി.എച്ച് മെമ്മോറിയൽ എക്‌സലൻസി അവാർഡ് വിതരണവും തൊടുപുഴ സിന്നമൺ കൗണ്ടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ പുരോഗതിയിലൂടെ നാടിന്റെ വളർച്ചയിൽ പങ്കാളിയാകുകയും, ബഹുസ്വരതയെ ചേർത്ത് പിടിച്ച് നാട്ടിൽ സാഹോദര്യം ഊട്ടി ഉറപ്പിക്കാൻ വിദ്യാർത്ഥി സമൂഹം ഒന്നിക്കണമെന്നും ഉന്നത വിദ്യാഭ്യാസം കൈവരിയ്ക്കുന്നതിനൊപ്പം സമൂഹത്തെ ചേർത്തു പിടിക്കുമ്പോഴാണ് നാം ഉദ്ദേശിച്ച ലക്ഷ്യം പൂർത്തിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 120 വിദ്യാർത്ഥികൾക്ക് ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് എം.എ. സബീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഷാഹുൽ കപ്രാട്ടിൽ സ്വാഗതം ആശംസിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലിം മുഖ്യപ്രഭാഷണം നടത്തി.