manakkad
മണക്കാട് പഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ വിളംബര ജാഥ

മണക്കാട്: ഗ്രാമപഞ്ചായത്തും കുടുംബരോഗ്യകേന്ദ്രവും വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റിന്റെയും ഹരിത കർമ സേനയുടെയും മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളികളുടെയും വ്യാപാരി വ്യവസായികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ വിളംബര ജാഥയും മെഗാ ക്ലീനിംഗും നടത്തി. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടു നിരവധി പ്രവർത്തനങ്ങളാണ് മണക്കാട് ഗ്രാമ പഞ്ചായത്ത് ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്. മണക്കാട് പഞ്ചായത്തിന്റെ വഴിത്തലയിലുള്ള മാർക്കറ്റും ടൗൺ പ്രദേശങ്ങളിലെയും മാലിന്യങ്ങൾ നീക്കം ചെയ്തുകൊണ്ടാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. വിളംബര ജാഥയുടെയും ശുചീകരണ പ്രവർത്തനത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോണി കുര്യാക്കോസ് നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷൈനി ഷാജി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എസ്. ജേക്കബ്, സീന ബിന്നി, ജീന അനിൽ, മെമ്പർമാരായ ഓമന ബാബു, ലിൻസി ജോൺ, പഞ്ചായത്ത് സെക്രട്ടറി എ.ആർ. ഉഷ, വഴിത്തല ബാങ്ക് പ്രസിഡന്റ് ക്ലമന്റ് ഇമ്മാനുവേൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന റാലിയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ ജോഷി, ജെ.എച്ച്.ഐമാരായ ടിജി, ശ്രീനി, വ്യാപാരി വ്യവസായി വഴിത്തല പ്രസിഡന്റ് തോമസ് കുരുവിള, ജോയ് കുരിശിങ്കൽ, പഞ്ചായത്ത് ജീവനക്കാർ, എൻ.എസ്.എസ് വോളന്റിയർമാർ ഹരിത കർമ സേനാംഗങ്ങൾ, ആശ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു. 13വാർഡിലും മാതൃക പരമായി മാലിന്യം സംസ്‌കരിക്കുന്ന വീടുകൾക്കും സ്ഥാപനങ്ങൾക്കും പ്രത്യേക പുരസ്‌കാരവും പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.