തൊടുപുഴ: വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡയറ്റുകളിലെ ജീവനക്കാരുടെ ശമ്പള വിതരണം തടസപ്പെട്ടതിനെ തുടർന്ന് എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഡയറ്റുകൾക്ക് മുമ്പിൽ പ്രകടനം നടത്തി. ദേശീയ വിദ്യഭ്യാസ പദ്ധതിയുടെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് ഡയറ്റുകൾ പ്രവർത്തിക്കുന്നത്. അദ്ധ്യാപകരും അനദ്ധ്യാപകരുമായി അഞ്ഞൂറിലധികം പേരാണ് ഡയറ്റുകളിൽ ജോലി ചെയ്യുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പദ്ധതി ഫണ്ടിൽ നിന്നുമാണ് ഡയറ്റിൽ ശമ്പളം വിതരണം നടത്തുന്നത്. 2024- 25 വർഷത്തെ പദ്ധതി വിഹിതം കേന്ദ്ര സർക്കാർ അനുവദിക്കാതിരിന്നതും ഇക്കാര്യം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി ശമ്പളം ഉറപ്പുവരുത്തുന്നതിന് ധന- വിദ്യാഭ്യാസ വകുപ്പുകൾ പുലർത്തിയ അനാസ്ഥയും ശമ്പള വിതരണത്തിന് തടസ്സമായി. ഡയറ്റിലെ ജീവനക്കാർക്ക് ശമ്പളം ഉടൻ വിതരണം ചെയ്യണമെന്നും തുടർന്ന് ശമ്പള വിതരണം തടസ്സപ്പെടാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രകടനം. തൊടുപുഴ ഡയറ്റിന് മുമ്പിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് നീനാ ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.കെ. പ്രസുഭകമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ജോബി ജേക്കബ്, വി.എസ്.എം നസീർ, പി.എം. മുഹമ്മദ് ജലീൽ, കെ.എസ്. ഷിബു മോൻ, ക്രിസ് ജോസ് എന്നിവർ പ്രസംഗിച്ചു.