road
നിർമ്മാണം നടന്നുവരുന്ന റോസാപ്പൂക്കണ്ടം റോഡ് തകർന്ന നിലയിൽ

കുമളി: റോസാപ്പൂക്കണ്ടം കുമളി റോഡ് നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്നു. കാൽനട യാത്ര പോലും ദുഷ്‌ക്കരമായി. കുമളി ടൗണിലെ തമിഴ്‌നാട് അതിർത്തിയിലെ ചെക്ക്‌പോസ്റ്റിനു സമീപത്ത് നിന്ന് ആരംഭിച്ച് വില്ലേജ് ഓഫീസ്, എസ്.ബി.ഐ തുടങ്ങിയവയുടെ മുന്നിലൂടെ കടന്നു പോകുന്ന റോസാപ്പൂക്കണ്ടം റോഡ് തമിഴ്‌നാട് വനാതിർത്തിയിലാണ് ചെന്ന് ചേരുന്നത്. കുമളിയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് റോസാപ്പൂക്കണ്ടം . ദിവസവും നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് ആളുകൾ കാൽനടയാത്രയ്ക്കും ഉപയോഗിക്കുന്ന ഈ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞിട്ടും പണികൾ എങ്ങുമെത്താതാണ് ജനങ്ങളെ വലയ്ക്കുന്നത്. ചിലയിടങ്ങളിൽ ഓടയ്ക്കുമുകളിൽ സ്ലാബ്
റോഡിൽ നിന്ന് രണ്ടടി ഉയർന്നാണ് നിൽക്കുന്നത്. ഓട നിർമ്മാണവും റോഡ് ഉയർത്തുന്നതും ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ഒരു വർഷമായി നടന്നു വരുന്നത്. നിർമ്മാണത്തിന്റെ ഭാഗമായി പൂർണ്ണമായും തകർന്ന റോഡിൽ മഴവെള്ളം കെട്ടിക്കിടന്ന് ചെളിക്കുണ്ടായി മാറിയിരിക്കുകയാണ്. ഇതുവഴി നടന്നു പോകുന്നവർ വാഹനങ്ങൾ വന്നാൽ ചെളി തെറിക്കാതിരിക്കാൻ ഓടുന്നത് പതിവ് കാഴ്ച്ചയാണ്. ഇത് വഴി വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ റോഡിൽ ഉയർന്നു നിൽക്കുന്ന വലിയ കല്ലുകൾ ഒഴിവാക്കി വിദഗ്ന്ധമായ രീതിയിൽ വാഹനത്തിന്റെ അടി ഇടിക്കാത്തെ ഡ്രൈവിംഗ് നടത്തുന്നത്.
വീതികുറഞ്ഞ റോഡിൽ നിർമ്മാണത്തിനായി കൊണ്ടുവന്ന സാധന സാമഗ്രികൾ കൂട്ടിയിട്ടിരിക്കുന്നതും ജനങ്ങൾക്ക് യാത്രാ തടസ്സം ഉണ്ടാക്കുന്നുണ്ട്.
ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന നിർമ്മാണത്തിന് മേൽനോട്ടം വഹിക്കാൻ ഉത്തരവാദിത്വ പ്പെട്ടവർക്ക് സമയം ഇല്ലാത്തതിനാൽ കാരാറുകാരന് തോന്നുന്ന പടിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.