തൊടുപുഴ: ന്യൂനമർദം രൂപമെടുക്കുന്നതിന്റെ ഭാഗമായി മഴ ശക്തമായതോടെ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ നാളെയും കൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ തുടർച്ചയായ മൂന്നാമത്തെ റെഡ് അലർട്ടാണ് നാളത്തേത്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതി തീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204. മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതി തീവ്ര മഴ കൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലയിലെ മലയോരമേഖലകളിലൂടെയുള്ള രാത്രി യാത്ര വൈകിട്ട് ഏഴ് മുതൽ രാവിലെ ആറ് വരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിക്കുന്നത് വരെ ഉത്തരവ് പ്രാബല്യത്തിലുണ്ടാകും. വിനോദ സഞ്ചാരമേഖലകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും കളക്ടർ നിർദേശം നൽകി. ജില്ലയിലെ ഓഫ് റോഡ് സഫാരി, മൈനിങ് പ്രവർത്തനങ്ങൾ എന്നിവയും കർശനമായി നിരോധിച്ചിട്ടുണ്ട്. 22നും റെഡ് അലർട്ടിന് സമാനമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. 23 മുതലാണ് മഴയുടെ കാര്യത്തിൽ കുറവ് പ്രതീക്ഷിക്കുന്നത്. ദിവസങ്ങളായി ജില്ലയുടെ വിവിധ മേഖലകളിൽ മഴ ശക്തി പ്രാപിച്ചിട്ടുണ്ട്. പീരുമേട് താലൂക്കിലാണ് ശനിയാഴ്ച ഏറ്റവും കൂടുതൽ മഴ കിട്ടിയത്. ഉച്ചകഴിയുന്നതോടെ മഴക്കൊപ്പം കാറ്റും മിന്നലും ഉണ്ട്. ശക്തമായി പെയ്യുന്ന മഴയെത്തുടർന്ന് പലയിടത്തും വെള്ളക്കെട്ടും ഗതാഗത തടസവും പതിവാകുന്നുണ്ട്. കടുത്ത വേനലിൽ വരണ്ടു കിടന്ന പുഴകളിലും മഴയെത്തുടർന്ന് ജലനിരപ്പ് ഉയരുന്നുണ്ട്. അതേ സമയം വേനൽ മഴയിൽ മരം വീണ് കൂടുതൽ നാശ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഭാഗികമായി നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞും ലൈൻ പൊട്ടി വീണും കെ.എസ്.ഇ.ബിക്കും നഷ്ടമുണ്ടായിട്ടുണ്ട്. പലയിടങ്ങളിലും മഴ ശക്തി പ്രാപിച്ചതോടെ വൈദ്യുതി മുടക്കവും പതിവായിട്ടുണ്ട്. മഴ കനത്തതോടെ ഡെങ്കിപ്പനിയടക്കം തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ മഴക്കാലപൂർവ്വ പൊതുശുചീകരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്‌.

മഴയുടെ അളവ്

(മില്ലി മീറ്ററിൽ)​

തൊടുപുഴ- 60.4

പീരുമേട്- 82.5

ഇടുക്കി- 32.6

ഉടുമ്പൻചോല- 18.2

ദേവികുളം- 5.8

അണക്കെട്ടിൽ

ജലനിരപ്പുയരുന്നു

ഇടുക്കി അണക്കെട്ടിലും മുല്ലപ്പെരിയാറിലും ജല നിരപ്പിൽ വർദ്ധനയുണ്ടായി. 2333.80 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജല നിരപ്പ്. മുല്ലപെരിയാറിൽ 115.80 അടിയാണ് ഇപ്പോഴത്തെ ജല നിരപ്പ്. മലങ്കര അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 20 സെന്റി മീറ്റർ വീതം തുറന്നിട്ടുണ്ട്.