anchuruli
ചെളികുഴികൾ താണ്ടി അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പോകുന്ന സഞ്ചാരികളുടെ വാഹനങ്ങൾ. കക്കാട്ടുകടയിൽ നിന്നുള്ള ചിത്രം‌

കട്ടപ്പന :ഇടുക്കിയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അഞ്ചുരുളിയിലേക്ക് എത്തുന്ന സഞ്ചാരികളെ സ്വീകരിക്കുന്നത് കുണ്ടും കുഴിയുമായി കിടക്കുന്ന പാത . ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന പാത പിഡബ്ല്യുഡി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് അടക്കം പ്രമേയം നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പാതയാണ് ദീർഘനാളുകളായി ശോചനീയാവസ്ഥയിൽ കിടക്കുന്നത്.

ഹൈറേഞ്ചിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് കാഞ്ചിയാർ പഞ്ചായത്തിൽ ഉൾപ്പെടുന്ന അഞ്ചുരുളി. ദിനംപ്രതി സംസ്ഥാനത്തിന് പുറത്തുനിന്ന് അടക്കം നിരവധി സഞ്ചാരികൾ ഇവിടേക്ക് എത്തുന്നു. എന്നാൽ ഇവിടേക്ക് എത്തുന്ന വിനോദസഞ്ചാരികളെ ആദ്യം തന്നെ സ്വീകരിക്കുന്നത് കുണ്ടും കുഴിയും നിറഞ്ഞ പാതകളാണ്. മഴ പെയ്യുന്നതോടെ വെള്ളക്കെട്ടിലൂടെ വേണം അഞ്ചുരുളിയിലേക്ക് കടന്നു ചെല്ലാൻ.പാതയിലുടനീളം വലിയ ഗർത്തങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. വീതി കുറവുള്ള പാത യിലൂടെ ഏറെ ക്ലേശം സഹിച്ചാണ് സഞ്ചാരികൾ അഞ്ചുരുളി തണൽ മുഖത്തേക്ക് എത്തുന്നത്.
പാത പിഡബ്ല്യുഡി ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ട് ജല വിഭവ മന്ത്രി റോഷി ആഗസ്റ്റിന്റെ സാന്നിധ്യത്തിൽ പഞ്ചായത്ത് അധികൃതർ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല. മഴക്കാലത്തിനു മുമ്പേ പാത നവീകരിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വിനോദസഞ്ചാരികൾക്ക് പുറമെ മേഖലയിലെ ആളുകളും വലിയ യാത്രാദുരിതമാണ് വർഷങ്ങളായി നേരിടുന്നത്. സ്‌കൂൾ തുറക്കുന്നതോടെ വിദ്യാർത്ഥികളും ഈ ചെളിക്കുണ്ട് താണ്ടി വേണം യാത്ര ചെയ്യാൻ.