traffic

രാജാക്കാട്: ഹൈറേഞ്ചിലെ പ്രധാന ടൗണുകളിലൊന്നായ രാജാക്കാട്ടിലെ ഗതാഗത കുരുക്കിന് ഇനിയും പരിഹാരമില്ല. സർവ്വീസ് ബസുകൾ, ടൂറിസ്റ്റ് വാഹനങ്ങൾ, ചരക്ക് വാഹനങ്ങളായ ട്രക്കുകൾ, ഓട്ടോറിക്ഷ, ടാക്സികൾ തുടങ്ങി ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് ദിനംതോറും ടൗണിലൂടെ കടന്നുപോകുന്നത്. റോഡ് നിറഞ്ഞ് ഇരുവശങ്ങളിലുമായി വാഹനങ്ങൾ എത്തുമ്പോൾ കാൽനട പോലും ദുഃസഹമായി മാറുകയാണ്. ചെറുതും വലുതുമായ അപകടങ്ങളും പതിവാകുകയാണ്. ഗതാഗത നിയന്ത്രണത്തിന് പൊലീസോ പഞ്ചായത്ത് അധികൃതരോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. നിലവിൽ മഴ കൂടി ശക്തമായതിനാൽ അശാസ്ത്രീയ പാർക്കിംഗും നിയന്ത്രണമില്ലാതെയുള്ള ഡ്രൈവിംഗും ടൗണിനെ കുരുക്കിലാക്കുകയാണ്. കൃത്യമായി ഗാതഗതം നിയന്ത്രിക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തില്ലെങ്കിൽ സ്‌കൂൾ കൂടി തുറക്കുന്നതോടെ ടൗൺ പൂർണ്ണമായും വാഹന കുരുക്കിലമരും.

ട്രാഫിക് കമ്മിറ്റി

നിർജ്ജീവമായി

മുൻകാലങ്ങളിൽ ട്രാഫിക് കമ്മിറ്റിയുണ്ടായിരുന്നതാണ്. പൊലീസ്, ഗ്രാമപഞ്ചായത്ത്, വ്യാപാരികൾ, ഡ്രൈവർമാർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, മാദ്ധ്യമ പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്നതായിരുന്നു ട്രാഫിക് കമ്മിറ്റി. ആ സമയങ്ങളിൽ ഗതാഗത പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിച്ചിരുന്നു. നിലവിൽ ഇതിന്റെ പ്രവർത്തനമില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ഡ്രൈവർമാരും പറയുന്നത്. പഞ്ചായത്ത് അധികൃതരും പൊലീസും മുൻകൈയെടുത്ത് ട്രാഫിക്ക് കമ്മിറ്റി സംഘടിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. വിദ്യാലയങ്ങൾ തുറക്കുന്നതിന് മുമ്പായി തന്നെ ഇതിനായുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.