മൂലമറ്റം: സംസ്ഥാന പാതയ്ക്ക് സമീപം ഗതാഗത തടസമായി നിൽക്കുന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ നടപടിയില്ല. മൂലമറ്റം- വാഗമൺ റോഡിൽ മണപ്പാടിയിലാണ് പോസ്റ്റ് നിൽക്കുന്നത്. നിരവധി തവണ മൂലമറ്റം ഇലക്ടിക്കൽ സെക്ഷൻ ഓഫീസിൽ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കുന്നില്ലെന്ന് ജനപ്രതിനിധികളും നാട്ടുകാരും. അധികൃതരോട് വിവരം ഫോണിലും നേരിട്ടും അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പരാതി. നിത്യേന കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളും നിരവധി ടൂറിസ്റ്റ് വാഹനങ്ങളും സർവീസ് നടത്തുന്ന റോഡാണിത്. വളവ് കൂടിയായതുകൊണ്ട് ഏതു സമയത്തും അപകടം സംഭവിക്കാമെന്നും നാട്ടുകാർ പറയുന്നു. മൂന്ന് മാസം മുമ്പ് വാഗമൺ പോയി തിരിച്ച് വന്ന വിനോദ സഞ്ചാരികളുടെ മിനി ബസ് ഇതിന് സമീപം വളവിൽ നിയന്ത്രണം വിട്ട് മറിയുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് ഈ പോസ്റ്റ് എത്രയും വേഗം മാറ്റി ഇടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അതേ സമയം പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ പണം പൊതുമരാമത്ത് അധികൃതർ കെട്ടിവയ്ക്കാത്തതാണ് ഇതു മാറ്റുന്നതിന് തടസമെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്.