തൊടുപുഴ: കേരള വനം വികസന കോർപ്പറേഷന് വനഭൂമിയിൽ യൂക്കാലിപ്സ് കൃഷി ചെയ്യാൻ അനുവാദം നൽകി സർക്കാർ പുറത്തിറങ്ങിയ ഉത്തരവിനെതിരെ ബി.ജെ.പി സംസ്ഥാന പരിസ്ഥിതി സെൽ.
കേരളത്തിന്റെ പരിസ്ഥിതിയും സുരക്ഷയും ജലസുരക്ഷയും നിലനിർത്തുന്ന പശ്ചിമഘട്ട മലനിരകളുടെ സർവനാശമായിരിക്കും യൂക്കാലി കൃഷിയിലൂടെ സംഭവിക്കുന്നത്. വ്യവസായ വൽക്കരണത്തിന്റെ പേരിൽ നമ്മുടെ സമ്പന്നമായ വനങ്ങൾ വെട്ടി അധിനിവേശ സസ്യങ്ങളായ യൂക്കാലിപ്ടസ് അക്കേഷ്യയും, വാറ്റിലും മറ്റും കൃഷി ചെയ്തതിന്റെ ഫലം അനുഭവിച്ചറിഞ്ഞ ഒരു ജനതയുടെ മേലാണ് വീണ്ടും ഈ പ്രവർത്തി വീണ്ടും അടിച്ചേൽപ്പിക്കുന്നത്.ഇത്തരം പ്രവൃത്തി വലിയ തോതിൽ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഭക്ഷണം തേടി ഇറങ്ങാൻ കാരണമാകും. ഇപ്പോൾ തന്നെ ആന, കാട്ടുപോത്ത്, കാട്ടുപന്നി എന്നിവ ധാരാളമായി നാട്ടിലിറങ്ങി പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. യൂക്കാലിപ്ടസ്, അക്കേഷ്യ എന്നിവ നടുന്നത് നിർത്തിയുള്ള 2017ലെ സർക്കാർ തീരുമാനം നിലവിലുണ്ട്. ഇത് മറികടന്ന് വീണ്ടും ഇത്തരമൊരു തീരുമാനം എടുത്തവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണം. ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും സംസ്ഥാന പരിസ്ഥിതി സെൽ സഹസംയോജകൻ എം.എൻ. ജയചന്ദ്രൻ ആവശ്യപ്പെട്ടു.