sitting
ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിൽ വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി, വനിതാ കമ്മിഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി എന്നിവർ പരാതി കേൾക്കുന്നു.

ഇടുക്കി: ഗാർഹിക പീഡന പരാതികൾ വർധിച്ചു വരുകയാണെന്നും വിവാഹ പൂർവ കൗൺസിലിംഗ് അനിവാര്യമാണെന്നും വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അദ്ധ്യക്ഷ. പരസ്പര വിശ്വാസമില്ലാത്തവരായി ദമ്പതികൾ മാറുകയും ഒരു കൂരയ്ക്ക് കീഴിൽ പീഡനങ്ങൾ പതിവാവുകയും ചെയ്യുന്ന സംഭവങ്ങളാണ് ഏറെയും. കുടുംബ ജീവിതം എങ്ങനെ പരസ്പര വിശ്വാസത്തോടെയും പരസ്പരം അംഗീകരിച്ചും മുന്നോട്ടു കൊണ്ടു പോകണമെന്ന് പല ദമ്പതികൾക്കും അറിയാത്ത സ്ഥിതിയുണ്ട്. വിവാഹ പൂർവ കൗൺസിലിംഗ് അനിവാര്യമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.
ഗാർഹിക ചുറ്റുപാടുകൾ, തൊഴിലിടങ്ങൾ, യാത്രാവേളകൾ, പൊതു ഇടങ്ങൾ തുടങ്ങി ഏത് സാഹചര്യത്തിലായാലും നിയമങ്ങൾ അനുശാസിക്കുന്ന സുരക്ഷിതത്വം സ്ത്രീകൾക്ക് ഒരുക്കി കൊടുക്കാൻ ഉതകുന്ന വിധം പൊലീസിന്റെ ഇടപെടൽ ശക്തമാകണം. താഴെത്തട്ടിലുള്ള പ്രശ്‌നപരിഹാരത്തിനായി വാർഡ്തല ജാഗ്രതാ സമിതികളുടെ പ്രവർത്തനം ശക്തമാക്കണം.
സിറ്റിംഗിൽ എട്ട് പരാതികൾ തീർപ്പാക്കി. രണ്ട് പരാതികൾ പൊലീസിന്റെ റിപോർട്ടിന് അയച്ചു. ഒരു പരാതി നിയമസഹായ അതോറിറ്റിക്കും ഒരു പരാതി റവന്യൂ വകുപ്പിനും കൈമാറി. ഇരുപത് പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി.
ആകെ 32 പരാതികളാണ് പരിഗണിച്ചത്. വനിതാ കമ്മിഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, സർക്കിൾ ഇൻസ്‌പെകടർ ജോസ് കുര്യൻ, കൗൺസലർ ഒ.എ. റൂബിയ എന്നിവർ പങ്കെടുത്തു.