അതിജീവിതയുടെ വീട് വനിതാ കമ്മിഷൻ അധ്യക്ഷ സന്ദർശിച്ചു

ഇടുക്കി : ഇരട്ടയാറിൽ പോക്‌സോ കേസിലെ അതിജീവിത ദൂരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് കുറ്റമറ്റ അന്വേഷണം നടത്തണമെന്ന് സംസ്ഥാനപൊലീസ് മേധാവിക്ക് നിർദേശം നൽകുമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ഇരട്ടയാറിൽ അതിജീവിതയുടെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അദ്ധ്യക്ഷ.ഈ കേസിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. അമ്മയാണ് മകളെ മരിച്ച നിലയിൽ കണ്ടത്. കട്ടപ്പന പോലീസാണ് കേസ് അന്വേഷിക്കുന്നത്.പോക്‌സോ കേസ് അതിജീവിതയാണ് പെൺകുട്ടി. രണ്ടുവർഷം മുൻപാണ് പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. കേസ് നടന്നു വരുന്നതിനിടെയാണ് ദുരൂഹ മരണം സംഭവിച്ചത്.