തൊടുപുഴ : വഴിത്തല ടൗണിൽ തണലൊരുക്കിയ മരങ്ങൾ വെട്ടിമാറ്റാൻ സാമൂഹ്യവിരുദ്ധരുടെ ശ്രമം. സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂളിന് എതിർവശം രാജീവ് ഗാന്ധി പ്രതിമയ്ക്ക് സമീപത്തുനിന്ന മരങ്ങളാണ് വെട്ടിവീഴ്ത്താൻ ശ്രമിച്ചത്. ഇത്സംബന്ധിച്ച് നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും പുറപ്പുഴ പഞ്ചായത്തിലും പൊതുമരാമത്ത് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.
ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് ഇവിടെ മാവും ചാമ്പയും ബദാമും നട്ടുപരിപാലിച്ചുവരുന്നത്. മൂന്നുമാസം മുമ്പ് ചാമ്പ ആരോ വെട്ടിവീഴ്ത്തി. രണ്ടാഴ്ചകൾക്ക് മുമ്പ് ബദാമിന്റെ ചുവട് മുറിക്കാനും ശ്രമിച്ചു. ചുവട്ടിൽ കോടാലികൊണ്ട് വെട്ടിയ പാടുകളുണ്ട്. ഞായർ രാത്രിയാണ് മാവ് യന്ത്രവാൾ ഉപയോഗിച്ച് മുറിക്കാൻ ശ്രമം നടന്നതായി കരുതുന്നത്. ഓട്ടോറിക്ഷാ തൊഴിലാളികൾ നട്ടുവളർത്തിയ ബാദാംമരം അവർതന്നെ തറകെട്ടിയാണ് സംരക്ഷിക്കുന്നത്. വേനൽച്ചൂടിൽനിന്ന് രക്ഷനേടാൻ തൊഴിലാളികളും സ്‌കൂൾ വിദ്യാർഥികളും അക്ഷയ കേന്ദ്രത്തിലെത്തുന്നവരും നിരവധി യാത്രക്കാരും മരച്ചുവട്ടിലെത്താറുണ്ട്. കരിങ്കുന്നം പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.