അറക്കുളം: മന്ത്രി, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ, പഞ്ചായത്ത് ഭരണാധികാരികൾ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നന്നാക്കാതിരുന്ന പൈപ്പ് തകരാർ നാട്ടുകാർ രംഗത്തിറങ്ങിയതോടെ പരിഹരിക്കപ്പെട്ടു. അറക്കുളം പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഒരാഴ്ചക്കാലമായി പമ്പിംഗ് ലൈൻ പൊട്ടി ജലവിതരണം തകരാറിലായി നാടാകെ ദുരിതത്തിലായിരുന്നു. വേനൽക്കാലത്ത് മോട്ടർ കേടാകലും മഴക്കാലത്ത് പൈപ്പ് പൊട്ടലും മൂലം അറക്കുളം പഞ്ചായത്തിലെ ശുദ്ധജലവിതരണം മിക്കവാറും താറുമാറാകാറാണ് പതിവ്. ഇത്തവണയും പൈപ്പ് പൊട്ടിയപ്പോൾ അധികാരികളെ യഥാസമയം ഈ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കാതെ വന്നപ്പോഴാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. നാട്ടുകാർ ഒത്ത് ചേർന്ന് മണ്ണ് മാന്തി പൈപ്പ് പുറത്തെടുത്ത് പുതിയ പൈപ്പ് ഇടുകയായിരുന്നു. പണി നടക്കുമ്പോൾ പ്രസിഡന്റും വാർഡ് മെമ്പറും, വാട്ടർ അതോറിട്ടി അധികാരികളും രംഗത്ത് എത്തിയെങ്കിലും നാട്ടുകാർ പണി പൂർത്തീകരിച്ച് പണിക്കാർക്കും പൈപ്പിനും ചിലവായ തുക വീതം വച്ച് നൽകുകയായിരുന്നു. നാട്ടുകാരായ പ്രകാശ് മാളിയേക്കൽ, എം.കെ. സന്തോഷ്, കെ.ടി. മോഹനൻ, സോജി, പ്രദീപ് എന്നിവർ നേതൃത്വം നൽകി.