തൊടുപുഴ: കുരുന്ന് ജീവനെടുത്ത് വീണ്ടും ഒരു മുങ്ങി മരണം കൂടി. പന്നിയാർ പുഴയിൽ കാൽ വഴുതി വീണ മൂന്നര വയസുകാരനാണ് ഏറ്റവുമൊടുവിൽ മുങ്ങിമരിച്ചത്. ഇന്നലെ രാവിലെ 11ന് ബന്ധുക്കളോടൊപ്പം പുഴ കാണാനെത്തിയതായിരുന്നു ശ്രീനന്ദ്. ഇതിനിടെ സമീപത്തെ പാറയിൽ നിന്ന് കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. 25 മീറ്ററോളം പുഴയിൽ ഒഴുകിപോയ കുട്ടിയെ നാട്ടുകാരുടെ നേതൃത്വത്തിൽ കരയ്‌ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരാഴ്ചയ്ക്കിടെ ഇടുക്കിയിലെ ജലാശയങ്ങളിൽ മുങ്ങി മരിച്ചത് രണ്ട് കുട്ടികളാണ്. ഇടുക്കി ജില്ലയിൽ മാത്രം അഞ്ച് വർഷത്തിനിടെ നൂറ്റമ്പതോളം പേരുടെ ജീവനാണ് ജലാശയങ്ങളിൽ പൊലിഞ്ഞത്. അപകടത്തിൽപ്പെടുന്നവരിലേറെയും കുട്ടികളാണെന്നതാണ് ഏറെ സങ്കടകരം. അവധിക്കാലത്ത് ബന്ധുവീട് സന്ദർശനത്തിനെത്തുന്നവരാകും ഇവരിലേറെയും. സ്ഥലപരിചയമില്ലാതെ അമിത ആത്മവിശ്വാസത്തോടെ വെള്ളത്തിലിറങ്ങി അപകടത്തിൽപെടും. അതിസാഹസികത കാട്ടാനുള്ള ശ്രമങ്ങളും അപകടത്തിലാക്കും. സ്‌കൂൾ അടച്ച ആശ്വാസത്തിലും ആവേശത്തിലും പുഴകളിലും തോടുകളിലും സംഘം ചേർന്ന് കുളിക്കാനിറങ്ങുന്ന കുട്ടികൾ അപകടത്തിൽ പെടുന്നത് നാടിന് ഏറെ നൊമ്പരമാണ് സൃഷ്ടിക്കുന്നത്. വെള്ളക്കെട്ടുകളുള്ള സ്ഥലങ്ങളിൽ കുട്ടികൾ ഒറ്റയ്ക്ക് എത്തിപ്പെടാവുന്ന സാഹചര്യം ഒഴിവാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ഇത് ചെയ്യാൻ പറ്റാത്ത ഇടങ്ങളിൽ വേലി, മതിൽ കെട്ട് തുടങ്ങിയവ ഒരുക്കി സുരക്ഷ ഉറപ്പാക്കണം. മൂടാത്ത കിണറുകൾ, പൊട്ടക്കിണറുകൾ, ചെറിയ കുളങ്ങൾ തുടങ്ങിയവയും അപകട സാദ്ധ്യതകളാണ്.

സൂക്ഷിക്കണം,​ ചതിക്കുഴികളുണ്ട്

ജലാശയങ്ങളിലെ കയങ്ങളിലും അടിയൊഴുക്കുള്ള നദികളിലും പതിയിരിക്കുന്ന ചതിക്കുഴികൾ മനസിലാക്കാതെയാണ് പലരും അപകടത്തിലേക്ക് എടുത്തു ചാടുന്നത്. ജലാശയങ്ങളിൽ മീൻ പിടിക്കാൻ പോകുന്ന പരിചയ സമ്പന്നരായവർ പോലും പ്രതികൂല കാലാവസ്ഥയിൽ അപകടത്തിൽപ്പെടുന്നുണ്ട്. മറഞ്ഞിരിക്കുന്ന കെണികൾ കാണാതെയാണ് പലരും അപകടത്തിലേക്ക് ഊഴിയിടുന്നത്. താഴ്ചയും അഗാധങ്ങളിലെ കൊടുംതണുപ്പും മൂലം പലപ്പോഴും രക്ഷാ പ്രവർത്തനവും ദുഷ്‌കരമാകാറുണ്ട്. കയത്തിലും ചെളി നിറഞ്ഞ ഭാഗങ്ങളിലും അകപ്പെട്ട് തിരികെ കയറാൻ കഴിയാതെയാണ് പലരുടെയും ജീവൻ നഷ്ടമാകുന്നത്. നീന്തൽ അറിയാവുന്നവരുടെയും ജീവൻ ഇത്തരത്തിൽ പൊലിഞ്ഞിട്ടുണ്ട്. പല വിധത്തിൽ പുഴകൾ അപകടക്കെണിയാകാം. പല പുഴകളും പുറമേ നിന്നു കാണുമ്പോൾ ആഴം കുറഞ്ഞവയായി തോന്നാം. പക്ഷേ, മണലൂറ്റൽ മൂലം രൂപപ്പെട്ട കുഴികൾ അപകടത്തിൽപെടുത്താം. ഇത്തരം ഗർത്തങ്ങളിൽ കുടുങ്ങിയാൽ പിന്നെ രക്ഷയില്ല. വല്ലാത്ത അടിയൊഴുക്കും ഇവിടങ്ങളിലുണ്ടാകും. പുറമെ പുല്ലുവളർന്നു നിൽക്കുന്ന വെള്ളക്കെട്ടുകൾക്ക് ആഴം കുറവാകുമെന്നു കരുതിയിറങ്ങി അപകടത്തിൽപെടുന്നവരുമേറെയാണ്. പുല്ലിന് താഴെ ആഴക്കയമാണെങ്കിൽ നീന്തി രക്ഷപ്പെടാൻ പോലും കഴിയില്ല. ചുഴി, അടിയൊഴുക്ക്, പാറക്കെട്ടുകളിലെ വഴുക്കൽ, മുങ്ങാങ്കുഴിയിടുന്നവരെ കുടുക്കുന്ന കരിങ്കൽ ചീളുകൾ, കുഴികൾ എന്നിവയും അപകടമുണ്ടാക്കും. എത്ര നന്നായി നീന്തൽ അറിയാമെങ്കിലും ഇവയെക്കുറിച്ചു ധാരണയില്ലാത്തിടത്ത് ഇറങ്ങരുത്.