തൊടുപുഴ: ചൂടിന് ആശ്വാസമായി മഴയെത്തിയപ്പോൾ ഡെങ്കിപ്പനിയടക്കമുള്ള പകർച്ച വ്യാധികളും തലപൊക്കുന്നു. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ മാസവും ആശങ്കജനകമാംവിധം കൂടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ മാസം ഇതുവരെ 25 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി സംശയിക്കുന്ന 293 പേർ ചികിത്സയിലാണ്. മഞ്ഞപ്പിത്തവും ഈ മാസം റിപ്പോർട്ട് ചെയ്തു. അഞ്ചു പേർക്ക് രോഗം സംശയിച്ചതിൽ ഒരാൾക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 11 പേർക്ക് സംശയിച്ചതിൽ രണ്ടു പേർക്കായിരുന്നു സ്ഥിരീകരണം. മാർച്ചിൽ ഏഴു പേർക്ക് രോഗം സംശയിച്ചെങ്കിലും ഒരു കേസും റിപ്പോർട്ട് ചെയ്തില്ല. ഈ മാസം 10 പേർക്ക് മലേറിയയും പിടിപെട്ടു. അന്യസംസ്ഥാന തൊഴിലാളികൾക്കാണ് മലേറിയ ബാധ സ്ഥിരീകരിച്ചത്. ഒരു എലിപ്പനി കേസും റിപ്പോർട്ട് ചെയ്തു. ചിക്കൻപോക്സ് ഈ മാസം 24, ഏപ്രിലിൽ- 61, മാർച്ചിൽ- 42 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തത്. കടുത്ത വേനൽച്ചൂടിൽ പനി ബാധിതരുടെ എണ്ണവും കൂടിയിരുന്നു. മാർച്ചിൽ 5085 പേരാണ് വൈറൽപ്പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. കഴിഞ്ഞ മാസം 5231 പേരും ഈ മാസം 3646 പേരും ചികിത്സ തേടിയിട്ടുണ്ട്. പകർച്ച വ്യാധികൾ ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

'ജില്ലയിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ വിവിധ തലങ്ങളിൽ നടന്നു വരികയാണ്. പീരുമേട് പുളിങ്കട്ട സ്വദേശിനിയായ പത്തു വയസുകാരി പനി ബാധിച്ചു മരിച്ച സംഭവത്തിൽ പരിശോധന റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഇത് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ"

-ജില്ലാ മെഡിക്കൽ ഓഫീസർ

ഡോ. എൽ. മനോജ്


ഡെങ്കിപ്പനി ബാധിതർ

 മാർച്ച്

രോഗികൾ- 40

രോഗം സംശയിക്കുന്നവർ- 76

 ഏപ്രിൽ

രോഗികൾ- 54

രോഗം സംശയിക്കുന്നവർ- 195

 മേയ് (ഇതുവരെ)​

രോഗികൾ- 25

രോഗം സംശയിക്കുന്നവർ- 293