കട്ടപ്പന :മലയോര ഹൈവേയുടെ നിർമാണത്തിന്റെ ഭാഗമായിരണ്ടാം റീച്ചിൽ ഉൾപ്പെട്ട പാലത്തിന്റെ നിർമ്മാണം വൈകുന്നു.. ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടിക്രമങ്ങൾ നഗരസഭ വൈകിപ്പിച്ചതാണ് പ്രതിസന്ധി ഉണ്ടാവാൻ കാരണമെന്ന് നഗരസഭ പ്രതിപക്ഷ അംഗങ്ങൾ ആക്ഷേപം ഉന്നയിക്കുന്നു.
നിർമ്മാണം പുരോഗമിക്കുന്ന മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന ഇരുപതേക്കർ പാലത്തിന്റെ നിർമ്മാണമാണ് അനിശ്ചിതത്വത്തിലായത്.ഹൈവേയുടെ രണ്ടാം റീച്ച് നിർമ്മാണ പ്രവർത്തനം മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്. അതിൽ കട്ടപ്പന മുതൽ നരിയംപാറ വരെയുള്ള ഘട്ടത്തിൽ ഉൾപ്പെട്ടതാണ് ഇരുപതേക്കർ പാലം നിർമ്മാണം. നിർമ്മാണത്തിന് ആവശ്യമായ നടപടിക്രമങ്ങളും കണക്കെടുപ്പുകളും എല്ലാം നടന്നുവെങ്കിലും പാലം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഒരു കുടുംബത്തെ മാറ്റി പാർപ്പിക്കേണ്ടതായിട്ടുണ്ട്. ഇതിനായി കുടുംബത്തിന് സ്ഥലം നഗരസഭ നൽകിയെങ്കിലും വീട് വെക്കാനുള്ള നടപടിക്രമങ്ങൾ വൈകുകയാണ്. അതേ സമയം മലയോര ഹൈവേയുടെ കട്ടപ്പന മുതൽ നരിയംപാറ വരെയുള്ള ഘട്ടത്തിന്റെ നിർമാണ കാലാവധി പൂർത്തിയാകാറായതിനാൽ ഇനി ഈ ഘട്ടത്തിൽ നിർമ്മാണം നടക്കുകയില്ല എന്നാണ് ലഭിക്കുന്ന വിവരം.
നിലവിൽ കട്ടപ്പന മുതൽ നരിയംപാറ വരെയുള്ള മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. നിർമ്മാണ കാലാവധിയും ഏതാനും ദിവസങ്ങൾക്കകം പൂർത്തിയാകും. ഇനി ഇരുപതേക്കർ പാലത്തിന്റെ നിർമ്മാണം പുളിയന്മല കട്ടപ്പന റീച്ചിലെ നടക്കൂ എന്നതാണ്
അവസ്ഥ.