തൊടുപുഴ: കഞ്ചാവ് കടത്തികൊണ്ട് വന്ന കേസിലെ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. എറണാകുളം നായരമ്പലം വെളിയത്തുപറമ്പ് ബീച്ച് ഭാഗത്ത് ചൂരക്കുഴി വീട്ടിൽ ജോസിനെയാണ് (37) തൊടുപുഴ എൻ.ഡി.പി.എസ് സ്‌പെഷ്യൽ കോടതി ജഡ്ജി കെ.എൻ. ഹരികുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം.
2016 സെപ്തംബർ 25നാണ് 1.150 കിലോ ഗ്രാം കഞ്ചാവുമായി കുമളി എക്‌സൈസ് ചെക്പോസ്റ്റിന്റെ മുന്നിൽവച്ച് ജോസ് പിടിയിലാകുന്നത്. വണ്ടിപ്പെരിയാർ എക്‌സൈസ് ഇൻസ്‌പെക്ടറായിരുന്ന സി.കെ. സുനിൽരാജ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി. ചന്ദ്രൻകുട്ടി, പ്രിവന്റി ഓഫീസർ പി.ഡി. സേവ്യർ, സി.പി. കൃഷ്ണകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബി. രാജ്കുമാർ, ടി.എ. അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പീരുമേട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന എം.എൻ. ശിവപ്രസാദാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.