പൂമാല: അയൽവാസിയുടെ പറമ്പിൽ വല്ല്യമ്മയ്ക്കൊപ്പം പശുവിനെ മേയ്ക്കാൻ എത്തിയപ്പോഴാണ് ഇടുക്കി മുണ്ടാട്ടുചുണ്ടയിൽ ഷാലുവിന്റെ മകൻ ധീരവ് (4) കുളത്തിൽ വീണു മരിച്ചത്. വെള്ളിയാമറ്റം പൂമാലയ്ക്ക് സമീപം കൂവക്കണ്ടത്ത് ഇന്നലെ രാവിലെ 11നായിരുന്നു അപകടം.
വല്യമ്മ പശുവിനെ കെട്ടിയതിന് ശേഷം നോക്കുമ്പോൾ കുട്ടിയെ കണ്ടില്ല. വീട്ടിലേയ്ക്ക് പോയെന്ന് കരുതി. തുടർന്ന് വീട്ടിലെത്തിയപ്പോൾ കണ്ടില്ല. തിരിച്ചു വന്ന് നോക്കിയപ്പോൾ കുട്ടിയുടെ ചെരുപ്പ് കുളക്കരയിൽ കണ്ടു. ഇവർ ബഹളം വച്ചതിനെ തുടർന്ന് സമീപത്തെ തൊഴിലുറപ്പ് സ്ത്രീകളെത്തിയാണ് കുട്ടിയെ കുളത്തിൽ നിന്ന് പുറത്തെടുത്തത്. ഉടനെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുണ്ടാട്ടുചുണ്ടയിൽ ഷാജിയുടെയും ജാൻസിയുടെയും പേരക്കുട്ടിയാണ് ധീരവ്. ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്. അമ്മ ഷാലു ആന്ധ്രയിലാണ്. നല്ല താഴ്ചയുള്ള കുളത്തിൽ നിറയെ വെള്ളമുണ്ട്. ചപ്പുചവറ് മൂടി കിടക്കുന്നതിനാൽ വെള്ളമുള്ളത് തിരിച്ചറിയാൻ കഴിയില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്.