കട്ടപ്പന: കടുത്ത വരൾച്ചയെ തുടർന്ന് ജില്ലയിലെ കർഷകർക്കുണ്ടായിട്ടുള്ള നാശനഷ്ടങ്ങൾക്ക് കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘം ജില്ലാ കമ്മിറ്റി 29ന് രാവിലെ 10ന് പുറ്റടി, രാജകുമാരി എന്നിവിടങ്ങളിൽ മാർച്ചും ധർണയും നടത്തും. രാജകുമാരി സ്‌പൈസസ് ബോർഡ് ഡിവിഷണൽ ഓഫീസ് പടിക്കൽ എം എം മണി എം.എൽ.എയും പുറ്റടി സ്‌പൈസസ് പാർക്കിൽ കർഷക സംഘം സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം സി.വി. വർഗീസും ഉദ്ഘാടനം ചെയ്യും.
ഇടുക്കിയെ വരൾച്ചാബാധിത ജില്ലയായി പ്രഖ്യാപിക്കുക, കേന്ദ്രസംഘം വരൾച്ചാബാധിത പ്രദേശങ്ങൾ സന്ദർശിക്കുക, ജില്ലയ്ക്ക് പ്രത്യേക കാർഷിക പാക്കേജ് പ്രഖ്യാപിക്കുക, പുനർകൃഷിക്കാവശ്യമായ പലിശ രഹിത വായ്പ ലഭ്യമാക്കുക, കൃഷിക്കാരുടെ വായ്പകൾക്ക് 3 വർഷത്തെ പലിശ ഇളവ് അനുവദിക്കുക, ജപ്തി നടപടികൾ നിർത്തിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
കനത്ത ചൂടിനെ തുടർന്നുണ്ടായ വരൾച്ചയിൽ ജില്ലയിൽ വ്യാപക കൃഷിനാശം സംഭവിച്ചിരിക്കുകയാണ്. 175.54 കോടിയുടെ കൃഷി നാശം ഉണ്ടായെന്നാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കുകൾ.പുനർകൃഷി ചെയ്യുന്നതിനുൾപ്പടെ കർഷകർക്ക് സഹായം വേണ്ട സാഹചര്യത്തിൽ ജില്ലയിലെ സ്‌പൈസസ് ബോർഡ് കേന്ദ്രങ്ങൾ നോക്കുകുത്തികളായിരിക്കുകയാണ്.
സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദും ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിനും വരൾച്ചാബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും കർഷക സംഘടന പ്രതിനിധികളുമായും കർഷകരുമായും ജനപ്രതിനിധികളുമായും പ്രശനങ്ങൾ ചർച്ച ചെയ്യുകയും പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്‌പൈസസ് ബോർഡ് ഉദ്യോഗസ്ഥർ ഏലം, കുരുമുളക്, ജാതി തുടങ്ങിയ കൃഷികൾക്ക് നാശമുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കുന്നതിനുകൂടി തയ്യാറായിട്ടില്ല. കോഫി ബോർഡ്, ടീ ബോർഡ് എന്നീ കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള ബോർഡുകളും മൗനത്തിലാണെന്നും കർഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു ജോർജ് എന്നിവർപറഞ്ഞു.