കട്ടപ്പന :വേനൽ മഴ ശക്തി പ്രാപിച്ചതോടെ ഹൈറേഞ്ചിന്റെ വിനോദസഞ്ചാര മേഖലയിൽ തിരക്ക് വർദ്ധിക്കുന്നു. അഞ്ചുരുളി വിനോദസഞ്ചാരകേന്ദ്രത്തിൽ നിരവധി ആളുകളാണ് സന്ദർശനത്തിന് എത്തുന്നത്. മഴ ശക്തമായതോടെ ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് ഉയർന്നതും ഇരട്ടയാർ ജലാശയത്തിൽ നിന്നും തണൽ വഴിയെത്തുന്ന വെള്ളത്തിന്റെ ഒഴുക്ക് വർദ്ധിച്ചതും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുകയാണ്. കനത്ത മഴ പെയ്യുമ്പോഴും അവയെ അവഗണിച്ചുകൊണ്ടാണ് സഞ്ചാരികൾ അഞ്ചുരുളിയുടെ സൗന്ദര്യം നുകരുന്നത് .
വേനൽ കാലത്തും അഞ്ചുരുളിയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം വലുതാണ്. ടണലിനുള്ളിൽ പ്രവേശിക്കാം എന്നത് തന്നെയാണ് വേനൽ കാലത്തെ പ്രത്യേകത . എന്നാൽ മഴ പെയ്യുന്നതോടെ വ്യത്യസ്തമായ കാഴ്ച അനുഭവമാണ് അഞ്ചുരുളി പകർന്നു നൽകുന്നത്. നോക്കത്ത ദൂരം പരന്ന് കിടക്കുന്ന ഇടുക്കി ജലാശയത്തിന്റെ കാഴ്ചക്ക് ഇടക്ക് പെയ്യുന്ന നൂൽമഴ പ്രത്യേക സൗന്ദര്യം നൽകുന്നു. ഒപ്പം ജലാശയത്തിന് ചറ്റോടുമായി കിടക്കുന്ന വനമേഖലയും ഏറെ പ്രകൃതി ഭംഗി പകർന്നു നൽകുന്നു. മേലെ മതിൽക്കെട്ട് പോലെ നിലകൊള്ളുന്ന കല്യാണതണ്ട് മലനിരകളെ തഴുകി ഉയർന്നുപൊങ്ങുന്ന കോടമഞ്ഞിന്റെ കാഴ്ച അഞ്ചുരുളിയുടെ ദൃശ്യവിരുന്നിന് മാറ്റുകൂട്ടുകയാണ്.ഒപ്പം അഞ്ചുരുളിയിലേക്കുള്ള പാതയോരങ്ങളിലെല്ലാം ഉണ്ടാകുന്ന ചെറിയ വെള്ളച്ചാട്ടങ്ങളും സഞ്ചാരികളെ ഇവിടേക്ക് ആകാർഷിക്കാൻ കാരണമാകുന്നു.മൺസൂൺ ആരംഭിക്കുന്നതോടെ അഞ്ചുരുളിയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

അഞ്ചുരുളിയിലേക്കുള്ള വഴി

കട്ടപ്പനയിൽ നിന്നും കോട്ടയം റോഡിൽ സഞ്ചരിച്ച് കക്കാട്ടുകടയിൽ എത്തി അവിടെ നിന്നും വലത്തേക്കുള്ള പാതയിൽ മൂന്നര കിലോമീറ്റർ യാത്ര ചെയ്താൽ അഞ്ചുരുളിയിൽ എത്താം. കോട്ടയം, വാഗമൺ ഭാഗങ്ങളിൽ നിന്നും എത്തുന്നവർ കക്കാട്ടുകട ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരഞ്ഞുള്ള പാതയിൽ 3 അര കിലോമീറ്റർ സഞ്ചരിക്കണം.

വിനോദസഞ്ചാര മേഖലയ്ക്ക്

തിരിച്ചടി നൽകുന്നത്

തുരങ്ക മുഖത്തേക്ക് അടക്കമുള്ള പാതയിൽ മണ്ണ് ഒലിച്ചപോയ് ഉണ്ടായ അപകട ഭീഷണികൾ ഇതുവരെയും പരിഹരിച്ചിട്ടില്ല എന്നത് ആശങ്കക്ക് ഇടവരുത്തുകയാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ടോയ്ലറ്റ് കോംപ്ലക്സ് അടഞ്ഞുകിടക്കുന്നത് സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഒപ്പം വിവിധ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും വിലങ്ങുതടിയാകുന്നു .