കട്ടപ്പന :മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കാഞ്ചിയാർ പള്ളികവലയിൽ അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ നോട്ടീസ് നൽകി . ഏഴു ദിവസത്തിനകം ഉടമകൾ സ്വയം പൊളിച്ചു നീക്കിയില്ലങ്കിൽ വീണ്ടും നോട്ടീസ് നൽകുകയും പഞ്ചായത്ത് അധികൃതർ കെട്ടിടങ്ങൾ പൊളിച്ചു നീക്കുമെന്നും പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിൽ അറിയിച്ചു.
മലയോര ഹൈവേയുടെ രണ്ടാം റീച്ചിന്റെ ഭാഗമായി കാഞ്ചിയാർ പള്ളിക്കവലയിലെ അനധികൃത കെട്ടിട നിർമ്മാണങ്ങളാണ് പൊളിക്കാൻ നോട്ടീസ് നൽകിയത്. റോഡ് പുറമ്പോക്കിലും റവന്യൂ വകുപ്പിന്റെ സ്ഥലത്തും അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങളാണ്ഏഴു ദിവസത്തിനകം പൊളിച്ചു നീക്കണമെന്നാണ് നോട്ടീസിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
നോട്ടീസ് കാലാവധി പൂർത്തിയാകുന്നതിനു ശേഷവും ഉടമകൾ സ്വയമേ കെട്ടിടം പൊളിച്ചു നീക്കാത്ത പക്ഷം പഞ്ചായത്ത് അധികൃതർ കെട്ടിടങ്ങൾ നേരിട്ട് പൊളിച്ചു നീക്കും. കെട്ടിടങ്ങൾ നിലകൊള്ളുന്ന സ്ഥലങ്ങളിൽ ഐറിഷ് ഓടക്ക് പുറമേ ഫുഡ്പാത്തുകൾ നിർമ്മിക്കാൻ ഹൈവേ അതോറിറ്റിയോട് പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ദേവാലയങ്ങൾ, ആശുപത്രി, വിവിധ സർക്കാർ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന മേഖലയാണ് പള്ളിക്കവല. ഇവിടെ മലയോര ഹൈവേ നിർമ്മാണത്തിനോടനുബന്ധിച്ച് തന്നെ കാൽനടയാത്രക്കാർക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ നടത്താനാണ് പഞ്ചായത്ത് ലക്ഷ്യംവെക്കുന്നത്.