ഇടുക്കി : പോക്‌സോ കേസിൽ നിന്നും കോടതി കുറ്റവിമുക്തനാക്കിയ യുവാവിനും ബന്ധുക്കൾക്കും സ്വന്തം വീടുകളിൽ താമസിക്കാനും ഉപജീവനത്തിനായി തൊഴിലെടുക്കാനുമുള്ള സംരക്ഷണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഇതിനാവശ്യമായ കർശന നിർദ്ദേശം വണ്ടിപ്പെരിയാർ പൊലീസിന് നൽകണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി പീരുമേട് ഡിവൈ.എസ്.പി യോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വണ്ടിപ്പെരിയാർ പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായും കമ്മീഷൻ വിലയിരുത്തി. പോക്‌സോ കേസിൽ കുറ്റവിമുക്തനായ അർജുന്റെ പിതൃ സഹോദരന്റെ വീട്ടിൽ നടന്ന മോഷണ കേസിൽ അന്വേഷണം നടത്തി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ഡിവൈ.എസ്.പി ക്ക് നിർദ്ദേശം നൽകി. അർജുന്റെ കുടുംബവും പിതൃ സഹോദരന്റെ കുടുംബവും വണ്ടിപ്പെരിയാർ എം.എം.ജെ പ്ലാന്റേഷനിലെ തൊഴിലാളികളാണ്. 2023 ഡിസംബർ 14 നാണ് അർജുനെ കോടതി കുറ്റവിമുക്തനാക്കിയത്. ഇതിന് ശേഷം, മരിച്ച പെൺകുട്ടിയുടെ ബന്ധുക്കൾ അർജുനും കുടുംബത്തിനും നേരെ ഭീഷണിയുയർത്തി. ഇതിനെതിരെ അർജുന്റെ പിതൃ സഹോദരൻ ഹൈക്കേടതിയെ സമീപിച്ചു. ഹൈക്കോടതി സംരക്ഷണ ഉത്തരവ് നൽകിയിട്ടും വണ്ടിപ്പെരിയാർ പോലീസ് ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തി. പിതൃ സഹോദരൻ ഷൺമുഖന്റെ മകളുടെ വിവാഹത്തിന് വാങ്ങി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു. ഇപ്പോൾ അർജുന്റെ കുടുംബത്തിനും പിതൃ സഹോദരന്റെ കുടുംബത്തിനും വീട്ടിൽ പ്രവേശിക്കാനോ തൊഴിലെടുക്കാനോ കഴിയുന്നില്ല.
പൊലീസ് ബന്തവസോടെ അർജുനെ ചൂരക്കുളത്തുള്ള താമസസ്ഥലത്ത് എത്തിച്ചെങ്കിലും സ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങളുണ്ടായതായി പീരുമേട് ഡിവൈ.എസ്.പി കമ്മീഷനെ അറിയിച്ചു. അർജുനും കുടുംബത്തിനുമെതിരെ ജനവികാരം നിലനിൽക്കുന്നുണ്ടെന്നും ഇതിൽ മാറ്റമുണ്ടാകുന്ന സമയത്ത് പരാതിക്കാർക്ക് വേണ്ട സഹായങ്ങൾ നൽകാമെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.