ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്തതിൽ പ്രതിഷേധിച്ച് മെഡിക്കൽ വിദ്യാർത്ഥികൾ ഇന്നലെ മുതൽ കറുത്ത റിബൺ ഉപയോഗിച്ച് വായ്മൂടിക്കെട്ടി പഠിപ്പുമുടക്കി സമരം ആരംഭിച്ചു. ഇതു നാലാം തവണയാണ് വിദ്യാർത്ഥികൾ സമരം നടത്തുന്നത്. ഹോസ്റ്റലിന്റെ നിർമ്മാണം പൂർത്തിയാക്കുക, ലാബിന്റെ പ്രവർത്തനമാരംഭിക്കുക, ഓപ്പറേഷൻ തീയേറ്റർ നിർമ്മിക്കുക, ക്ലാസ് റൂം നിർമ്മിക്കുക, അദ്ധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്. പല ഡിപ്പാർട്ടുമെന്റുകളിലും അദ്ധ്യാപകരില്ല. പരിശോധനാ സമയങ്ങളിൽ ഉദ്യോഗസ്ഥരെ നിയമിക്കും. പരിശോധന പൂർത്തിയായാൽ ഉദ്യോഗസ്ഥർ സ്ഥലം മാറിപോകും. ത്വക്ക് രോഗം സംബന്ധിച്ച് പഠിപ്പിക്കാൻ ഇതുവരെ അദ്ധ്യാപകർ വന്നിട്ടില്ല. രണ്ടു വർഷം കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച് ക്ലാസെടുത്തിട്ടില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ഇടുക്കി മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ, ലാബ്, ഓപ്പറേഷൻ തീയറ്റർ തുടങ്ങിയ അടിയന്തരാവശ്യങ്ങൾ പൂർത്തിയാക്കാതെ സമരം അവസാനിപ്പിക്കുകയില്ലെന്നും കോളേജ് യൂണിയൻ ചെയർപേഴ്സൺ റോഷ്നി പറഞ്ഞു. അനൗദ്യോഗികമായി ചർച്ച നടക്കുന്നുണ്ടെങ്കിലും ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കുകയില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.