തൊടുപുഴ: പുതിയ അദ്ധ്യയന വർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സ്കൂൾ- കോളേജ് വിപണി ലക്ഷ്യമിട്ട് ലഹരി മാഫിയയും പിടിമുറുക്കുന്നു. പൊലീസും എക്‌സൈസും പരിശോധന ശക്തമാക്കിയിട്ടും ലഹരിയുടെ കടത്തലും ഉപയോഗവും മുമ്പെങ്ങുമില്ലാത്ത വിധം നാട്ടിൽ വ്യാപകമാകുകയാണ്. വിദ്യാർത്ഥികളെയും യുവാക്കളെയും ലഹരിയ്ക്ക് അടിമപ്പെടുത്തി പിന്നീട് കച്ചവടത്തിന് ഇറക്കുന്നതാണ് ലഹരി മാഫിയയുടെ തന്ത്രം. കാരിയറായി പോകുന്നവരെ ഒറ്റിക്കൊടുത്ത് പിടിപ്പിക്കുന്ന പണിയും സംഘത്തിനുണ്ട്. കുറഞ്ഞ അളവിൽപ്പോലും വലിയ വില ലഭിക്കുന്നതിനാൽ കടത്താനും എളുപ്പമാണ്. ഒരിക്കൽ പിടിക്കപ്പെടുന്നവർ പിന്തിരിഞ്ഞ് പോകില്ലെന്നും വീണ്ടും വിൽപ്പനക്കാരാകുന്നതും പതിവാണ്. ലഹരി കടത്തിന് ഇടനിലക്കാരായി പെൺകുട്ടികളും രംഗത്തുണ്ട്. ലഹരി വാങ്ങാനുള്ള പണത്തിനായി ഇതിന് അടിമകളായവർ എന്തു മാർഗവും സ്വീകരിക്കും. ഇത് യുവാക്കളെ ക്രിമിനൽ പ്രവണതകളിലേക്ക് നയിക്കും. ന്യൂജൻ ലഹരികൾക്ക് പ്രത്യേകിച്ച് മണമോ മറ്റോ ഇല്ലാത്തതിനാൽ വീട്ടുകാർക്ക് അവരുടെ മക്കൾ ഇത് ഉപയോഗിച്ചത് തിരിച്ചറിയാനും ആദ്യമൊന്നും കഴിയില്ല. ബൈപാസ് റോഡുകളും ആളൊഴിഞ്ഞ ഇടങ്ങളുമാണ് മയക്കുമരുന്നു മാഫിയയുടെ വിഹാര കേന്ദ്രങ്ങൾ. പൊലീസിന്റെ നിരീക്ഷണം കാര്യമായി എത്താത്ത മേഖലകളിലാണ് ഇവരുടെ ഇടപാടുകൾ ഏറെയും. വിദ്യാർത്ഥികൾക്ക് പുറമേ ഇതര സംസ്ഥാന തൊഴിലാളികളും വൻ തോതിൽ മയക്കുമരുന്നിന്റെ ഉപഭോക്താക്കളാണ്. ഒരു കിലോയിൽ താഴെ കഞ്ചാവ് കൈവശംവച്ചതിന് പിടിക്കപ്പെട്ടാൽ സ്റ്റേഷൻ ജാമ്യം ലഭിക്കും. ഇത് മുതലാക്കി ചെറിയ അളവുകളിലാകും വിൽപ്പനക്കാർ കഞ്ചാവ് കൈവശം വയ്ക്കുക. പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെങ്കിലും ഭൂരിഭാഗം പ്രതികളും തെളിവുകളുടെ അഭാവത്തിൽ രക്ഷപ്പെടുന്നതാണ് പതിവ്.

ഇടപാടിന് കോഡ് ഭാഷ

കോഡുഭാഷകൾ ഉപയോഗിച്ചാണ് മയക്കുമരുന്ന് വിതരണക്കാർ ഇടപാടുകൾ നടത്തുന്നത്. വർഷങ്ങളായി അന്താരാഷ്ട്ര സംഘങ്ങൾ ഉപയോഗിച്ചിരുന്ന കോഡുഭാഷകൾ അന്വേഷണ ഏജൻസികൾക്ക് പരിചിതമായതോടെ പുതിയ കോഡ് ഭാഷകൾ ഉപയോഗിച്ചാണ് മയക്കുമരുന്ന് സംഘങ്ങൾ ഇടപാടുകൾ നടത്തുന്നത്. കഞ്ചാവിന് മരുന്ന് എന്ന വിളിപ്പേരും ഇടപാടുകാർ ഉപയോഗിച്ചിരുന്നു. സിന്തറ്റിക് ഡ്രഗ്സുകൾ കൊടുക്കാൻ പ്രത്യേക ഏജന്റുമാർ തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇത് മോളി എന്ന വിളിപ്പേരിലാണ് ഇടപാടുകാർക്കിടയിൽ അറിയപ്പെടുന്നത്. കല്ല്, അല്ലങ്കിൽ പവർ എന്ന കോഡുഭാഷയും ഇവർ ഉപയോഗിക്കുന്നുണ്ട്.

എം.ഡി.എം.എ

എന്ന കാളകൂട വിഷം

കഞ്ചാവ് പോലുള്ള നാച്ചുറൽ ലഹരികളിൽ നിന്ന് മാറി സിന്തറ്റിക് ലഹരിയുടെ ഉപയോഗം കൂടുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പും പോലുള്ളവയാണ് സിന്തറ്റിക് ലഹരികൾ. ഇവയ്ക്ക് വില കൂടുതലാണെങ്കിലും സൂക്ഷിക്കാനും ഉപയോഗിക്കാനും എളുപ്പമാണെന്നതും മണിക്കൂറുളോളം ലഹരി നിൽക്കുമെന്നതുമാണ് ലഹരി ഉപയോക്താക്കളെ ഇതിലേക്ക് ആകർഷിക്കുന്ന ഘടകം. മറ്റ് ലഹരികളിൽ നിന്ന് വ്യത്യസ്തമായി പെട്ടെന്നുണ്ടാകുന്ന ഉന്മാദാവസ്ഥയാണ് മയക്കുമരുന്നുകൾക്ക് അടിമപ്പെട്ടവരെ എം.ഡി.എം.എ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത്. ഒരു തവണ ഉപയോഗിച്ചാൽ തന്നെ അടിമപ്പെടും. ഉപയോഗിക്കുന്ന വ്യക്തിയുടെ വിശപ്പ് കെട്ടുപോകും. ഹൃദയമിടിപ്പ് കൂടുകയും രക്തസമ്മർദ്ദത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുകയും ചെയ്യും. ഉപയോഗം തുടങ്ങി കുറഞ്ഞ കാലയളവിൽ തന്നെ വ്യക്തിയുടെ ആരോഗ്യം ക്ഷയിക്കുകയോ മരണപ്പെടുകയോ ചെയ്യാം. ഒന്നോ രണ്ടോ തവണയിലെ ഉപയോഗം കൊണ്ടുതന്നെ മാരകമായ ആസക്തി ഉണ്ടാക്കുന്നതിനാൽ എം.ഡി.എം.എ ഉപയോഗിച്ചു തുടങ്ങുന്ന യുവാക്കൾ വളരെ എളുപ്പം അതിന് അടിമയാകുകയും പിന്നീട് സ്ഥിരമായി ഉപയോഗിക്കേണ്ടി വരുന്ന ഒരു മാനസികാവസ്ഥയിൽ എത്തിച്ചേരുകയും ചെയ്യും.