cave

ചെറുതോണി: ജില്ലാ ആസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ചാരനള്ള് ഗുഹ സഞ്ചാരികൾക്കായി തുറന്ന് കൊടുക്കാൻ നടപടി. ഒരു വർഷത്തിലധികമായി പൂട്ടിക്കിടക്കുകയും അങ്ങോട്ടേക്കുള്ള വഴി കാട് പിടിച്ച് നശിക്കുകയും ചെയ്യുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി. ജയചന്ദ്രൻ വിഷയത്തിൽ ഇടപെടുമെന്ന് അറിയിച്ചത്. വെള്ളാപ്പാറ കൊലുമ്പൻ സമാധിയോട് ചേർന്നാണ് ചാരനള്ള് ഗുഹ സ്ഥിതി ചെയ്യുന്നത്. ഇടുക്കി അണക്കെട്ടിന്റെ വഴികാട്ടിയായ ചെമ്പൻ കൊലുമ്പന്റ കൊച്ചു മക്കളിൽ ഒരാളായ ചാരൻ എന്ന ഗോത്രവർഗ്ഗക്കാരൻ താമസിച്ചിരുന്നതുകൊണ്ടാണ് ഗുഹക്ക് ചാരനള്ളെന്ന പേര് വന്നത്. ഇടുക്കി, ചെറുതോണി ഡാമുകളും ഹിൽവ്യൂ പാർക്കും വനംവകുപ്പിന്റെ ഇടുക്കി ജലാശയത്തിലുള്ള ബോട്ടിംഗും ആസ്വദിക്കാനെത്തുന്നവർ ആദ്യമെത്തിയിരുന്നത് ചാരനള്ള് ഗുഹയിലാണ്.
എന്നാൽ അനിയന്ത്രിതമായ വിനോദ സഞ്ചാരികളുടെ വരവോടെ ആവശ്യമായ വാച്ചർമാരെ നിയോഗിക്കാൻ കഴിയാതെ വരികയും നിലവിലുള്ള വാച്ചർമാരോട് ഇവിടെ എത്തുന്ന സഞ്ചാരികളിൽ ചിലർ അപമര്യാദയായി പെരുമാറുകയും ചെയ്തു. ചാരനള്ള് ഗുഹയുടെ കവാടത്തിലേക്ക് പ്രവേശിക്കുന്നതോടെ ഇടുക്കി അണക്കെട്ടിന്റെ ക്യാച്ച്‌മെന്റ് ഏരിയാ ആരംഭിക്കുകയാണ്. അധികൃതരുടെ അനുവാദമില്ലാതെ നിലവിലുള്ള മേൽനോട്ടക്കാരുടെ കണ്ണ് വെട്ടിച്ച് വനത്തിനുള്ളിലൂടെ ഇടുക്കി ജലാശത്തിന്റെ തീരത്തേക്ക് ആളുകൾ കടന്ന് പോകുന്നതോടൊപ്പം അനാശ്യാസ്യ പ്രവർത്തികൾക്കുമായി സഞ്ചാരികൾ ഈ പ്രദേശം ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മുമ്പ് ചുമതല വഹിച്ചിരുന്ന ഡി.എഫ്.ഒ ഇടപെട്ട് ഒന്നര വർഷം മുമ്പ് ഇങ്ങോട്ടേക്കുള്ള പ്രവേശനം നിർത്തിയത്.
ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചും അപായമുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതിനും ശേഷം ടൂറിസ്റ്റ് കേന്ദ്രം അടിയന്തിരമായി തുറന്ന് കൊടുക്കാൻ നടപടി സ്വീകരിക്കുമെന്ന് വൈൽഡ് ലൈഫ് വാർഡൻ ജി. ജയചന്ദ്രൻ പറഞ്ഞു.