ഇടുക്കി: അന്തർ സംസ്ഥാന കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരമുള്ള കാട്ടാനകളുടെ കണക്കെടുപ്പ് ഇടുക്കിയിൽ ആരംഭിച്ചു. കേരളത്തിലെ നാല് ആനസങ്കേതങ്ങളിലായാണ് കണക്കെടുപ്പ് നടക്കുക. ഇതിന്റെ ഭാഗമായി 1300 ഉദ്യോഗസ്ഥർക്കും വാച്ചർമാർക്കും പരിശീലനം നൽകിയിട്ടുണ്ട്. ആനമുടിയിൽ 197, പെരിയാർ 280 ബ്ലോക്ക് വീതവും ഉണ്ട്. ഓരോ ബ്ലോക്കിലും പരിശീലനം നേടിയ കുറഞ്ഞത് മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയും കണക്കെടുപ്പ് നടക്കും. ഇന്നലെ കാട്ടിലൂടെ നടന്നെത്തി ഓരോ ബ്ലോക്കിലും കാണപ്പെടുന്ന ആനകളുടെ എണ്ണം എടുത്തു. ഇതിൽ കൊമ്പൻ, പിടിയാന, മോഴ, കുട്ടികൾ എന്നിങ്ങനെ തരം തിരിക്കും. ഇന്ന് ആനപിണ്ഡം വിശകലനം ചെയ്ത് കണക്ക് ശേഖരിക്കും. നാളെ ആനകൾ വെള്ളം കുടിക്കാനെത്തുന്ന ജലസ്രോതസ്സുകൾ, ആനത്താര എന്നിവിടങ്ങളിൽ കണക്കെടുക്കും.