മലങ്കര ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു
തൊടുപുഴ: ലോറേഞ്ച് മഖലയിൽ ബുധനാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി ശക്തമായ മഴ ലഭിച്ചു. ഹൈറേഞ്ച് മേഖലയിൽ താരതമ്യേന കുറഞ്ഞ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ ഇടുക്കിയിൽ ശരാശരി 29.48 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പീരുമേട്ടിലാണ്, 44.5 മില്ലി മീറ്റർ. ഇന്നലെ രാവിലെ 10 മണിയോടെ ജില്ലയിലെ മിക്കയിടങ്ങളിലും മഴ കുറഞ്ഞു. വൃഷ്ടി പ്രദേശത്ത് നിന്നുള്ള നീരൊഴുക്ക് വർദ്ധിച്ചതിനാൽ മലങ്കര ഡാമിൽ ജലനിരപ്പ് ഉയർന്നു. ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുന്നതിന്റെ ഭാഗമായി മലങ്കര ഡാമിൽ നിന്നും കൂടുതൽ വെള്ളം തുറന്ന് വിട്ടു. രണ്ട്, നാല്, അഞ്ച്, ആറ് നമ്പർ ഷട്ടറുകൾ 80 സെന്റീമീറ്റർ വീതമാണ് തുറന്ന് വിട്ടിരിക്കുന്നത്. ഇതേ തുടർന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയർന്നു. നിലവിൽ 40.50 മീറ്റർ വെള്ളമാണ് ഡാമിലുള്ളത്. മൂലമറ്റം പവർ ഹൗസിൽ നിന്ന് വൈദ്യുതോത്പാദന ശേഷം പുറംതള്ളുന്ന വെള്ളവും മലങ്കരയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഡാമിലെ പരമാവധി സംഭരണ ശേഷി 41.50 മീറ്ററാണ്. ആവശ്യമെങ്കിൽ ആറ് ഷട്ടറുകളും ഒരു മീറ്റർ വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കാൻ ജില്ലാ കളക്ടറുടെ അനുമതിയുണ്ട്. ഇടുക്കി, മുല്ലപ്പെരിയാർ തുടങ്ങിയ പ്രധാന ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും മഴ ലഭിച്ചെങ്കിലും ജലനിരപ്പ് വർദ്ധിച്ചിട്ടില്ല. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും എം.വി.ഐ.പി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴക്കെടുതികളോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ ഉണ്ടായതായി റിപ്പോർട്ടുകളില്ല.
നിരോധനം തുടരുന്നു
മഴ ശക്തമാകുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാൽ രാത്രി യാത്ര, ടൂറിസം കേന്ദ്രങ്ങളിലെ സന്ദർശനം, ട്രക്കിങ്, ഖനന പ്രവർത്തനങ്ങൾ തുടങ്ങിയവക്കുള്ള നിരോധനം ഇപ്പോഴും തുടരുകയാണ്.
മഴ കൂടുതൽ പീരുമേട്ടിൽ
തൊടുപുഴ- 32.3
ഇടുക്കി-22.2
പീരുമേട്- 44.5
ഉടുമ്പഞ്ചോല- 20
ദേവികുളം- 28.4
ശരാശരി- 29.48