മൂന്നാർ: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയുടെ ആക്രമണം. മൂന്നാർ പെരിയവരൈ ലോവർ ഡിവിഷനിൽ കടുവയുടെ ആക്രമണത്തിൽ രണ്ട് പശുക്കളാണ് ചത്തത്. ഇതോടെ ജനവാസ മേഖലയിൽ ഇറങ്ങുന്ന കടുവകളെ കൂടുവച്ച് പിടികൂടി മാറ്റണമെന്ന ആവശ്യം ശക്തമായി. പ്രദേശവാസിയായ മേശമ്മാളിന്റെ രണ്ട് പശുക്കളാണ് ആക്രമണത്തിൽ ചത്തത്. കഴിഞ്ഞ ദിവസം മേയാൻ വിട്ടിരുന്ന പശുക്കൾ തിരിച്ച് വരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പശുക്കളുടെ ജഡം കണ്ടെത്തിയത്. മൂന്ന് കടുവകളുടെ സാന്നിദ്ധ്യം പ്രദേശത്തുള്ളതായി നാട്ടുകാർ പറയുന്നു. ഇവ കൂട്ടം ചേർന്ന് ആക്രമിച്ചായിരിക്കാം പശുക്കളെ കൊന്നതെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ മാത്രം നൂറിലധികം പശുക്കളെ കടുവ ഇവിടെ ആക്രമിച്ച് കൊലപ്പെടുത്തിയിട്ടുണ്ട്. അധികവരുമാനത്തിനായി പശുക്കളെ വളർത്തുന്ന തോട്ടം തൊഴിലാളികൾക്ക് ഇതിലൂടെയുണ്ടായിട്ടുള്ളത്‌ കനത്ത നഷ്ടമാണ്. വനം വകുപ്പിനെതിരെ പരാതിയുമായും നാട്ടുകാർ എത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ കടുവ ഇറങ്ങി ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം പോലും ഇതുവരെ കിട്ടിയിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. ആനയുടെയും കടുവയുടെയും പുലിയുടെയും ശല്യം മൂലം പ്രദേശത്ത് ജീവിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടെന്നാണ് നാട്ടുകാരും പറയുന്നത്. ജനവാസ മേഖലയിൽ ഇറങ്ങുന്ന കടുവകളെ കൂടുവച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം കടുവയെ കണ്ടെത്താനും പിടികൂടാനുള്ള ആലോചനയിലാണ് വനംവകുപ്പ്.