kalunk
അപകടാവസ്ഥയിലായ കലുങ്ക്

അടിമാലി: മാങ്കുളം- വിരി പാറ- ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിലേക്കെത്തുന്ന റോഡിൽ അപകടക്കെണി.വിരി പാറയ്ക്ക് സമീപമാണ് കലുങ്കിനോടനുബന്ധിച്ചുള്ള റോഡിന്റെ അടിഭാഗം ഇടിഞ്ഞിരിയ്ക്കുന്നത്. മാങ്കുളത്തെത്തി ആനക്കുളവും, മറ്റ് വിനോദ കേന്ദ്രങ്ങളും സന്ദർശിച്ചു മടങ്ങുന്ന വിനോദ സഞ്ചാരികൾ കൂടുതലായും യാത്ര ചെയ്യുന്ന പാതയാണിത്.കെ.എസ്.ആർ.ടി.സിയുടെ ഉല്ലാസയാത്ര ബസുകളടക്കം ഇതുവഴിയാണ് കടന്നു പോകുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും ചെറുവാഹനങ്ങളിലെത്തുന്നവരാണ് ഇവിടെ അപകടത്തിൽ പെടാൻ സാദ്ധ്യതയുള്ളത്. പാതയോരങ്ങൾ കാടുമൂടിയതിനാൽ ഡ്രൈവർമാർക്ക് ഇടിഞ്ഞ ഭാഗം ശ്രദ്ധയിൽ പെടില്ല. മഞ്ഞും മഴയുമുള്ള രാത്രികാലങ്ങളിലെ സ്ഥിതി ഏറെ അപകടകരമാകും.മഴവെള്ളമൊഴുകി മണ്ണിടിഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം.