സംരക്ഷണഭിത്തിയുടെ നിർമ്മാണം നടത്തിയ ഭാഗത്ത് മണ്ണിട്ട് നികത്തുന്നില്ല
അടിമാലി: പഴമ്പള്ളിച്ചാൽ മേഖലയിലൂടെ കടന്ന് പോകുന്ന പഴമ്പള്ളിച്ചാൽ പരിശക്കല്ല് റോഡിൽ സംരക്ഷണഭിത്തിയുടെ നിർമ്മാണം നടത്തിയ ഭാഗത്ത് മണ്ണിട്ട് നികത്താത്തത് പ്രദേശവാസികൾക്ക് ദുരിതമാകുന്നു. നൂറ്റമ്പതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡിലാണ് ഇപ്പോഴും വാഹന ഗതാഗതം സാദ്ധ്യമല്ലാത്ത സ്ഥിതിയുള്ളത്. ജീപ്പും ഓട്ടോറിക്ഷകളുമൊക്കെ കടന്ന് പോകുന്ന വഴിയായിരുന്നു ഇത്. എന്നാൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞതോടെ ഗതാഗതം നിലച്ചു. പിന്നീട് ഫണ്ടനുവദിക്കുകയും ഇടിഞ്ഞ് പോയ ഭാഗത്ത് സംരക്ഷണ ഭിത്തിയുടെ നിർമ്മാണം നടത്തുകയും ചെയ്തു. പക്ഷെ മണ്ണിട്ട് നികത്തി സംരക്ഷണ ഭിത്തി റോഡുമായി ബന്ധിപ്പിച്ചില്ല. ഇക്കാരണം കൊണ്ടു തന്നെ റോഡിപ്പോഴും യാത്രായോഗ്യമായി തീർന്നിട്ടില്ല. രോഗികളായ ആളുകൾ ഉൾപ്പെടെ ഈ ഭാഗത്തെ വീടുകളിൽ കഴിയുന്നുണ്ട്. റോഡില്ലാത്തത് ഇവർക്കൊക്കെയും വലിയ ബുദ്ധിമുട്ടാകുന്നു.
ഇതുകൊണ്ട്
എന്ത് പ്രയോജനം
ഫണ്ട് വകയിരുത്തുകയും നിർമ്മാണം നടത്തുകയുമൊക്കെ ചെയ്‌തെങ്കിലും പൊതുഖജനാവിലെ പണം ചിലവഴിച്ച് നടത്തിയ നിർമ്മാണം കൊണ്ട് നാട്ടുകാർക്ക് വേണ്ട പ്രയോജനം ലഭിച്ചിട്ടില്ല. സംരക്ഷണ ഭിത്തിയും റോഡും വെവ്വേറെ നിലനിൽക്കുന്ന സ്ഥിതിയാണുള്ളത്. ഈ ഭാഗത്ത് മണ്ണിട്ട് നികത്തി റോഡ് എത്രയും വേഗം യാത്രായോഗ്യമാ ക്കണമെന്നാണ് ആവശ്യം ഉയരുന്നത്.